നിയമസഭാ തിരഞ്ഞെടുപ്പ്; മല്ലികാർജുന്‍ ഖാർഗെയും രാഹുല്‍ ഗാന്ധിയും ജമ്മു-കശ്മീരില്‍

Jaihind Webdesk
Thursday, August 22, 2024

 

ശ്രീനഗര്‍: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രണ്ടു ദിവസത്തെ സന്ദർശനത്തിനായി കശ്മീരിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കോണ്‍ഗ്രസിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താനായാണ് ഇരുവരുടെയും കശ്മീർ സന്ദർശനം. ഇന്ന് വൈകിട്ട് ശ്രീനഗര്‍ സന്ദർശിച്ച ശേഷം നേതാക്കള്‍ നാളെ ജമ്മുവിലെത്തും. 2014-ലാണ് ജമ്മു-കശ്മീരില്‍ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ഊർജസ്വലമാക്കാനായാണ് ഇരുവരുടെയും സന്ദർശനം. പ്രാദേശിക പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവയുമായുള്ള സഖ്യത്തിന്‍റെ സാധ്യതകളും ചര്‍ച്ച ചെയ്യും. എല്ലാ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ട ശേഷം കൂടുതൽ വിശാലമായ തിരഞ്ഞെടുപ്പ് പദ്ധതികളിലേക്ക് പാർട്ടി കടക്കും.

ഓഗസ്റ്റ് 16-നാണ് ജമ്മു-കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിൽ മൂന്നു ഘട്ടങ്ങളായാണ് ജമ്മു-കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. ജമ്മു-കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാണ് തിരഞ്ഞെടുപ്പ്.