നിയമസഭാ തിരഞ്ഞെടുപ്പിലും മാറ്റത്തിന്റെ കാറ്റ്; തദ്ദേശ ഫലം ആവര്‍ത്തിക്കുമെന്ന് വിലയിരുത്തല്‍; യുഡിഎഫ് തുടരും

Jaihind News Bureau
Wednesday, December 17, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയം യുഡിഎഫിനും കോൺഗ്രസിനും വലിയ രാഷ്ട്രീയ ഊർജ്ജമാണ് നൽകിയിരിക്കുന്നത്. അടുത്ത നാല് മാസത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും, ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വിജയം ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്നണി. പത്ത് വർഷം നീണ്ടുനിന്ന ഇടത് സർക്കാരിന്റെ ഭരണം അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് നിറഞ്ഞതാണെന്ന ജനവികാരമാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നത്. ആരോഗ്യവകുപ്പ് മുതല്‍ ടൂറിസം മേഖലയിലടക്കം ഉണ്ടായ കെടുകാര്യസ്ഥതകൾക്കും അലംഭാവങ്ങൾക്കും വോട്ടിലൂടെ ജനം മറുപടി നൽകി എന്നതാണ് സത്യം.

സർക്കാരിന്റെ പ്രതിച്ഛായയെ ഏറ്റവും മോശമായി ബാധിച്ച ഒന്നായി ശബരിമലയിലെ സ്വർണ്ണക്കൊള്ള മാറിയിരിക്കുകയാണ്.  ഇത് സർക്കാരിന്റെ മേൽ എക്കാലത്തെയും വലിയൊരു കറുത്ത അദ്ധ്യായമായി നിലനിൽക്കുന്നു. ഈ വിഷയങ്ങൾ ജനങ്ങളിലുണ്ടാക്കിയ കടുത്ത അമർഷം ഭരണമാറ്റത്തിനായുള്ള ആഗ്രഹമായി മാറിയിട്ടുണ്ടെന്നാണ് രാഷ്ട്രീയ അന്തരീക്ഷം സൂചിപ്പിക്കുന്നത്. തുടർച്ചയായ അഴിമതി ആരോപണങ്ങളും വിവാദങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

പരാജയങ്ങൾ അംഗീകരിക്കാൻ കഴിയാതെ സിപിഎം അക്രമ രാഷ്ട്രീയത്തിലേക്ക് തിരിയുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും നേരെ വ്യാപകമായ അക്രമങ്ങൾ അരങ്ങേറി. വിജയിച്ച സ്ഥാനാർത്ഥികളെപ്പോലും മർദ്ദിക്കുന്നതും വീടുകൾ കയറി അക്രമിക്കുന്നതും ജനവിധിയോടുള്ള അവഹേളനമായാണ്  ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരം അക്രമങ്ങൾക്ക് സർക്കാർ മൗനാനുവാദം നൽകുകയാണെന്നും ആരോപണമുണ്ട്.

അക്രമം കൊണ്ട് രാഷ്ട്രീയ എതിരാളികളെ നേരിടാനാണ് ഇടത് മുന്നണി ശ്രമിക്കുന്നതെങ്കിൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിന് ജനം ബാലറ്റിലൂടെ ശക്തമായ മറുപടി നൽകുമെന്ന് ഉറപ്പാണ്. ജനാധിപത്യപരമായ വിജയങ്ങളെ അക്രമം കൊണ്ട് അടിച്ചമർത്താൻ കഴിയില്ലെന്നും, നിലവിലെ ഭരണവിരുദ്ധ തരംഗം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റത്തിന് വഴിതെളിക്കുമെന്നും യുഡിഎഫ് നേതൃത്വം പ്രതീക്ഷിക്കുന്നു.