ആശമാരുടെസമരത്തില് കേന്ദ്രം നിലപാട് വ്യക്തമാക്കുന്നു. ആശമാര്‍ക്കുള്ള പ്രതിഫലവുമായി ബന്ധപ്പെട്ട് കേരളത്തിന് പണമൊന്നും നല്‍കാനില്ലെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ രാജ്യസഭയില്‍ വ്യക്തമാക്കി. സിപിഐ അംഗം സന്തോഷ് കുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിന് തുകയൊന്നും നല്‍കാനില്ലെന്നും എന്നാല്‍ വിനിയോഗിച്ച തുകയുടെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ലെന്നും രാജ്യസഭയില്‍ കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, കേന്ദ്രആരോഗ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുന്നതായി സുനില്‍ കുമാര്‍ രാജ്യസഭയ്ക്കു പുറത്തു പറഞ്ഞു. നദ്ദയ്‌ക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. 600 കോടിയിലധികം കേരളത്തിന് നല്‍കാനുണ്ടെന്നും സന്തോഷ് കുമാര്‍ ആരോപിച്ചു.
ആശ വര്‍ക്കര്‍മാരുടെ വേതനം ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോ എന്നും സന്തോഷ് കുമാര്‍ എം പി രാജ്യസഭയില്‍ ചോദിച്ചു. എന്‍ എച്ച് എം യോഗം കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നുവെന്നും ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ആശ പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരളത്തിന് എല്ലാ കുടിശികയും നല്‍കിയിട്ടുണ്ട്. എന്നാല്‍ വിനിയോഗത്തിന്റെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ല. കേരളത്തിന്റെ വിഹിതത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും ജെപി നദ്ദ പറഞ്ഞു.
ആശ വര്‍ക്കര്‍മാര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചിരുന്നു. കേരളത്തിലെ യുഡിഎഫ് എംപിമാരാണ് പ്രതിഷേധിച്ചത്. കെ സി വേണുഗോപാല്‍ അടക്കം എംപിമാര്‍ പങ്കെടുത്തു. ആശാവര്‍ക്കര്‍മാരടെ സമരത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴി ചാരുന്നുവെന്ന്് എഐസിസി ജനറല്‍ സെക്രട്ടരി കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. സമരത്തില്‍ പരിഹാരമുണ്ടാക്കാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും. രണ്ട് സര്‍ക്കാരും സമരത്തെ തകര്‍ക്കാന്‍ ഒരുപോലെ ശ്രമിക്കുന്നുവെന്നും കെ.സി വേണുഗോപാല്‍ എം.പി ആരോപിച്ചു.
പാര്‍ലമെന്റ് തുടങ്ങി ആദ്യ ദിവസം തന്നെ കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരവും അവരുടെ ന്യായമായ ആവശ്യങ്ങളും യുഡിഎഫ് എംപിമാര്‍ സഭയില്‍ ഉന്നയിച്ചു. കഴിഞ്ഞ 30 ദിവസത്തിലധികമായി സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരെ അവഹേളിക്കാനും ആ സമരത്തെ നിന്ദ്യമായ രീതിയില്‍ കൈകാര്യം ചെയ്യാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും അവരെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും പരസ്പരം പഴി ചാരുന്നു. ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ യാതൊരു നടപടിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നില്ല. ഇരു സര്‍ക്കാരുകളും ഒരുപോലെ ഈ സമരത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇത് സാധാരണക്കാരുടെ സമരമാണ്. ഏറ്റവും കൂടുതല്‍ കരുണയര്‍ഹിക്കുന്ന വിഭാഗമാണ് ആശാ വര്‍ക്കര്‍മാര്‍. അവര്‍ കേരളത്തിന്റെ ആരോഗ്യ മേഖലയെ ശക്തമാക്കുന്നതിന് കഠിനാധ്വാനം ചെയ്യുന്നവരാണ്. അവരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടത്തുന്ന സമരത്തെ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കുന്നതിന് പകരം സമരത്തെ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് അനുവദിക്കാനാകില്ല. ഈ സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യുഡിഎഫ് എം പിമാര്‍ ആവശ്യപ്പെട്ടു.