വിമര്‍ശനങ്ങള്‍ സഹിക്കില്ല, സിപിഎമ്മിന് സ്റ്റാലിനിസ്റ്റ് പ്രവണത ; ഭരണത്തുടര്‍ച്ച അസ്വസ്ഥപ്പെടുത്തുന്നുവെന്നും അരുന്ധതി റോയി

Jaihind Webdesk
Sunday, August 15, 2021

തിരുവനന്തപുരം : സിപിഎമ്മിന് വിമര്‍ശനങ്ങള്‍ സഹിക്കാന്‍ കഴിയാത്ത തരത്തില്‍ സ്റ്റാലിനിസ്റ്റ് പ്രവണതയെന്ന് എഴുത്തുകാരി അരുന്ധതി റോയ്. കേരളത്തിലെ ഭരണത്തുടര്‍ച്ച അസ്വസ്ഥപ്പെടുത്തുന്നുവെന്നും അരുന്ധതി റോയിയുടെ വിമര്‍ശനം. പ്രമുഖ മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് അരുന്ധതിയുടെ പ്രതികരണം.

‘സിപിഎമ്മിന് ഒരുതരത്തിലുള്ള വിമർശനങ്ങളെയും സഹിക്കാൻ കഴിയാത്ത തരത്തിലുള്ള സ്റ്റാലിനിസത്തിന്റെ ഒരു പ്രവണതയുണ്ട്. ഇന്ന്, ഇത്രയും വർഷങ്ങൾക്കുശേഷവും ജാതി ചിന്തകളെ ചോദ്യം ചെയ്യാൻ കഴിയാത്തത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു ദുരന്തമാണ്. പശ്ചിമബംഗാളിലേതുപോലെ കേരളത്തിൽ സിപിഎം പുറത്തുപോകാത്തത് കേരളത്തിലെ ജനങ്ങൾ അവരെ അതിനനുവദിച്ചില്ല എന്നതുകൊണ്ട് മാത്രമാണ്.

ഓരോ അഞ്ചുവർഷം കഴിയുമ്പോഴും അധികാരത്തിലിരിക്കുന്നവരെ പുറത്താക്കി, ഭരണകൂടത്തെ അച്ചടക്കം പഠിപ്പിച്ച് നേർവരയിൽ നിർത്തുകയായിരുന്നു ജനങ്ങൾ ഇതുവരെ. അങ്ങനെത്തന്നെയാണ് ചെയ്യേണ്ടതും. പക്ഷേ, ഇപ്രാവശ്യം ആ ചാക്രികമായ മാറ്റം മുറിഞ്ഞിരിക്കുന്നു. അതെന്നെ കുറച്ച് അസ്വസ്ഥപ്പെടുത്തുന്നുണ്ട്.’ -അരുന്ധതി അഭിപ്രായപ്പെട്ടു.