‘മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ എന്നാല്‍ ഐഎഎസ് പദവിക്ക് തുല്യമായി കേരള സര്‍ക്കാര്‍ രൂപീകരിക്കുന്ന മാനേജ്‌മെന്‍റ് കേഡർ’; അരുണ്‍ ബാലചന്ദ്രന്‍റെ വെളിപ്പെടുത്തല്‍, വീഡിയോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഐ.ടി.ഫെലോ എന്നാല്‍ ഐഎഎസിന് തുല്യമായി കേരള സര്‍ക്കാര്‍ രൂപീകരിക്കുന്ന മാനേജ്‌മെന്‍റ് കേഡറാണെന്ന് മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ പറയുന്ന വീഡിയോ പുറത്ത്. തലസ്ഥാനത്ത് നടന്ന ഒരു ഇവന്‍റില്‍ അരുണ്‍ ബാലചന്ദ്രന്‍ സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തന്‍റെ ജോലിയുടെ സ്വഭാവം എന്തെന്ന് വിശദീകരിക്കാം എന്ന് പറഞ്ഞ് കൊണ്ടാണ് അരുണിന്‍റെ  സംഭാഷണം തുടങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ എന്തെന്ന് സാധാരണക്കാര്‍ക്ക് അറിയണമെന്നില്ല. മുഖ്യമന്ത്രി ഒരു ഉന്നതതല ഐ.ടി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അതില്‍ ഐ.ടി രംഗത്തെ ഉന്നതരായ ക്രിസ് ഗോപാലകൃഷ്ണന്‍, ഷിബു ലാല്‍, ടോണി, അജിത് ബാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ അംഗങ്ങളാണെന്നും അരുണ്‍ പറയുന്നു.

മാനേജ്‌മെന്‍റ് വിദഗ്ധന്‍ എന്ന നിലയില്‍ ഈ കമ്മിറ്റിയില്‍ താനും അംഗമാണ്. മുഖ്യമന്ത്രിക്ക് നയരൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ഐ.ടി രംഗത്ത് കൂടുതല്‍ നിക്ഷേപം എത്തിക്കുകയുമാണ് താനടക്കമുള്ളവരുടെ ചുമതല. മുഖ്യമന്ത്രിയുടെ ഐ.ടി.ഫെലോ എന്നു പറഞ്ഞാല്‍ ഐഎഎസ് പദവി പോലെ കേരള സര്‍ക്കാര്‍ രൂപീകരിക്കുന്ന മാനേജ്‌മെന്‍റ് കേഡറാണ്. അതിലെ ആദ്യത്തെ നിയമനമാണ് താനടക്കമുള്ള മൂന്ന് പേരുടേത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയാണ് ഇതിലേക്കായി  തെരഞ്ഞെടുത്തിരിക്കുന്നത്- അരുണ്‍ ബാലചന്ദ്രന്‍ പറയുന്നു.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ഭർത്താവിന് ഫ്ലാറ്റ് എടുത്ത് നല്‍കിയത് അരുണ്‍ ബാലചന്ദ്രനായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന വെളിപ്പെടുത്തലുമായി പിന്നീട് അരുണ്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അരുണ്‍ ബാലചന്ദ്രനെയും ചോദ്യം ചെയ്യുമെന്നാണ് സൂചന.

https://www.youtube.com/watch?v=oWYoPne20Cw

 

 

Comments (0)
Add Comment