സ്വർണ്ണക്കള്ളക്കടത്ത്; മുഖ്യമന്ത്രിയെ പ്രതിയാക്കുന്ന നിയമവശം ? – അഡ്വ. പി റഹിം എഴുതുന്നു

Jaihind News Bureau
Friday, July 17, 2020

 

സ്വർണ്ണക്കള്ളക്കടത്ത്; പക്ഷേ സംസ്ഥാനത്ത് നടന്നത് ഗവണ്മെന്‍റിന്‍റെ തണലും പിന്തുണയുമുള്ള സ്വർണ്ണക്കടത്ത്. ദുബായിൽ നിന്ന് വിമാനത്തിൽ യു.എ.ഇ കോൺസുലേറ്റിന്‍റെ പേരിൽ എത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് പതിമൂന്നരക്കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണ്ണം പിടിച്ചത്.ഡിപ്ലോമാറ്റിക് ബാഗേജുകൾ സാധാരണ കർശന പരിശോധന നടത്താറില്ല. അതുകൊണ്ടു തന്നെ രണ്ടു രാജ്യങ്ങൾ, അതായത് ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള നയന്ത്ര ബന്ധങ്ങൾക്കും സൗഹൃദത്തിനും ഉലച്ചിലുണ്ടാക്കുന്ന ഒരു സ്വർണ്ണക്കള്ളക്കടത്താണിത്. ഒരു കള്ളക്കടത്ത് സംഘം നടത്തിയ ഒരു സ്വകാര്യ കള്ളക്കടത്തായി ഇതിനെ കാണാനാവില്ല. മറിച്ച് ഗവണ്മെന്‍റിന്‍റെ സൗകര്യങ്ങൾ കൂടി ഉപയോഗപ്പെടുത്തി ഗവണ്മെന്‍റുമായി ബന്ധമുള്ളവർക്കും കൂടി അറിവും സമ്മതവുമുള്ള ഒരു അന്താരാഷ്ട്ര കള്ളക്കടത്താണിതെന്നാണ് നിയമ ലോകത്തിന്‍റെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ ആരൊക്കെ പ്രതി പ്പട്ടികയിൽ വരണം എന്ന നിയമപരമായ നിഗമനത്തിന് വളരെ പ്രാധാന്യമുണ്ട്. സ്വർണ്ണം പിടിച്ചതിന് ശേഷം കൈക്കൊണ്ട നടപടികളിൽ ഗവണ്മെന്‍റിനും അധികൃതർക്കും ഉണ്ടായ അനാസ്ഥ അല്ലെങ്കിൽ നിയമപരമായി കൈക്കൊള്ളേണ്ട നടപടികൾ കൈക്കൊള്ളാതിരുന്ന അനാസ്ഥ ഇതൊക്കെ ഗവണ്മെന്‍റിനെ പ്രതിക്കൂട്ടിലാക്കുന്നുവെന്നാണ് നിയമജ്ഞർ വിലയിരുത്തുന്നത്. അതു കൊണ്ടു തന്നെ ഗവണ്മെന്‍റിന്‍റെ തലവൻ ഉൾപ്പെടെയുള്ളവർക്ക് പ്രതിപ്പട്ടിക യിൽ ഇടം കൊടുത്തുള്ള ഒരു അന്വേഷണമാണ് നിയമം ആവശ്യപ്പെടുന്നത്. നിയമം എങ്ങനെയാണ്ഇത് ആവശ്യപ്പെടുന്നത് (Law Demands) എന്ന് വിശകലനം ചെയ്തു നോക്കാം.

കസ്റ്റംസ് ആക്ടിലെ 135-ാം വകുപ്പ് ലംഘിച്ചുവെന്ന കുറ്റത്തിനാണ് കസ്റ്റംസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്. മതിയായ രേഖകളും അനുമതിയും ഇല്ലാതെ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതിയോ കയറ്റുമതിയോ ചെയ്യുന്നത് കസ്റ്റംസ് നിയമപ്രകാരം കുറ്റമാണ്. സാധനങ്ങളുടെ മൂല്യം ഒരു കോടിയിൽ തഴെയാണെങ്കിൽ ജാമ്യവും ലഭിക്കും. മുഖ്യമന്ത്രിയുടെ ഓഫീസും ഓഫീസുമായി ബന്ധമുള്ളവരും അറിഞ്ഞാണ് സ്വർണ്ണക്കള്ളക്കടത്ത് നടന്നതെന്ന വിവരം പുറത്തുവന്നതോടെ കള്ളക്കടത്തിനൊപ്പം മറ്റു പല വിഷയങ്ങളും കൂടി അന്വേഷിക്കേണ്ടതുണ്ടെന്ന് നിയമം പറയുന്നു. അത് കസ്റ്റംസിന് നിയമപരമായി കഴിയില്ല. അവിടെയാണ് സി.ബി.ഐ അന്വേഷണത്തിന്‍റെ അനിവാര്യത. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന യുവതിക്ക് ഐ.ടി വകുപ്പിന് കീഴിൽ പ്രധാനപ്പെട്ട ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞതെങ്ങനെ ? ഐ.ടി സെക്രട്ടറി കൂടിയായ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പങ്ക് എന്ത് ? ഇതിൽ മുഖ്യമന്ത്രിയുടെ പങ്ക് എന്ത് ? തുടങ്ങിയ നിയമപരമായി പ്രാധാന്യമുള്ളതും കേസന്വേഷണത്തിൽ ഒഴിവാക്കാൻ പാടില്ലാത്തതും ആയ ഇത്തരം വസ്തുതകൾ കൂടി അന്വേഷണ വിധേയമാക്കേണ്ടതുള്ളതുകൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിന്‍റെ ആവശ്യകത നിയമ പരിപാലനത്തിന് അനിവാര്യമാകുന്നത്. സി.ബി.ഐ. വന്നാൽ കസ്റ്റംസിന്‍റെ എഫ്.ഐ.ആർ റീ റജിസ്റ്റർ ചെയ്യാം സർക്കാരിനുണ്ടായ നഷ്ടം, നടന്ന അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ വിശദമായി അന്വേഷിക്കാം. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സംവിധാനം ഉണ്ട്. വിദേശത്തടക്കം അന്വേഷണം നടത്താം. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാം. പക്ഷേ സി.ബി. ഐ അന്വേഷണത്തിന് കോടതിയുടെ ഉത്തരവോ സർക്കാരിന്‍റെ ആവശ്യമോ വേണം. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ കേസിന്‍റെ കേന്ദ്രമായി, പ്രഥമദൃഷ്ട്യാ നിയമം നിഗമനത്തിലെത്തുന്ന വസ്തുതാപരമായ സാഹചര്യം ഉണ്ടായിട്ടും സംസ്ഥാന സർക്കാർ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാതെ ഒഴിഞ്ഞു നിന്നു.

നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച സംഭവത്തിൽ എംബസിയക്കോ നയതന്ത്ര ഉദ്യോഗസ്ഥർക്കോ ഒരു ബന്ധവുമില്ലെന്ന് ഇന്ത്യയിലെ യു.എ.ഇ എംബസി വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല തന്‍റെ നയതന്ത്ര സൗകര്യം സ്വകാര്യ വ്യക്തികൾ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ഇത് ഒരിക്കലും നടക്കാൻ പാടില്ലാത്തതായിരുന്നുവെന്നും എംബസി പറഞ്ഞതോടൊപ്പം സംഭവത്തെ ശക്തമായി അവലംബിക്കുകയും ചെയ്തു. എന്നിട്ടുപോലും സംസ്ഥാന ഗവണ്മെന്‍റ് ഒരു ചെറുവിരൽ പോലും അനക്കാതെ കുറ്റവാളികൾക്ക് പിന്തുണയും രക്ഷകരുമായി മൗനം പാലിച്ച് നിയമപരമായ ഒരു നടപടിയും കൈക്കൊള്ളാതെ ഒഴിഞ്ഞുനിന്നു.

ഐ.ടി വകുപ്പിൽ ഇപ്പോൾ പ്രതിപ്പട്ടികയിലുള്ള യുവതിയുടെ നിയമനം താനറിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ വാദം പ്രഥമദൃഷ്ട്യാ കളവാണെന്ന് നിയമ വൃത്തങ്ങൾ വിലയിരുത്തുന്നു. പുറത്തുവന്ന പ്രാഥമിക തെളിവുകൾ ഉറപ്പാക്കുന്നത് മുഖ്യമന്ത്രിക്ക് ഇവരെ അറിയാമെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടന്നതെന്നുമാണ്. ഈ പ്രാഥമിക തെളിവുകൾ മുഖ്യമന്ത്രിയേയും പ്രതിപ്പട്ടികയിലാക്കുമെന്ന ഭയം കൊണ്ടാണ് സംസ്ഥാന സർക്കാർ ഒരു നിയമ നടപടിയും കൈക്കൊള്ളാതെ ഒഴിഞ്ഞു നിന്നതിലൂടെ സർക്കാരിന്‍റെ രക്ഷയ്ക്ക് വേണ്ടിയാണ് എന്ന നിഗമനത്തിൽ നിയമലോകം എത്തുന്നത്. മുഖ്യ മന്ത്രിയുടെ ഓഫീസിലേക്ക് വിവാദം എത്തുകയും നിയമദൃഷ്ടികൾ അവിടെ പതിക്കു കയും ചെയ്തിട്ടും നിയമപരമായ നടപടികളെ അവഗണിച്ച് ഒരു സാധാരണ കള്ളക്കടത്ത് പോലെ വിഷയത്തെ കണ്ട് നിയമ നടപടികൾ സ്വീകരിക്കാതെ ഒഴിഞ്ഞുനിന്ന് മുഖ്യമന്ത്രിക്കും പങ്കുണ്ട് എന്ന നിഗമനത്തിലേക്കാണ് നിയമ വഴികൾ ചെന്നെത്തി നിൽക്കുന്നത്. വിവാദമായ സ്പ്രിങ്ക്‌ളർ കരാർ, അതുമായി ബന്ധപ്പെട്ടവർ, തുടർന്നുള്ള കോടതിവിധി ഇവയൊക്കെ സ്വർണ്ണക്കടത്ത് കേസിൽ നിയമപരമായ നടപടികൾ കൈക്കൊള്ളുന്നതിന് ഗവണ്മെന്‍റിനുള്ള പാഠമല്ലേ ? ഇങ്ങനെ പോകുന്ന നിയമപരമായ നിഗമനങ്ങൾ.

ഇനി യു.എ.പി.എയിലേക്ക് പോകാം. ഈ നിയമം അനുസരിച്ചുള്ള കേസുകൾ അന്വേഷണം നടത്തി ചാർജ് സമർപ്പിക്കുന്നത് എൻ.ഐ.എ (നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി) ആണ്. ഈ കേസുകൾ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതികളുമുണ്ട്. ഭീകര പ്രവർത്തനം, ദേശവിരുദ്ധ പ്രവർത്തനത്തിന് ധനസഹായം, ദേശവിരുദ്ധ പ്രവർത്തനത്തിന് ഗൂഢാലോചന തുടങ്ങി ദേശീയ സുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളാണ് എൻ.ഐ.എ. അന്വേഷിക്കുന്നത്. ഈ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ സി.ബി.ഐക്ക് അധികാരമില്ല. അതുപോലെ തന്നെ സി.ബി.ഐയുടെ അന്വേഷണ പട്ടികയിൽ പെടുത്തിയിട്ടുള്ള കേസുകൾ എൻ.ഐ.എയും അന്വേഷിക്കാറില്ല.

എൻ.ഐ.എ. അന്വേഷിക്കേണ്ട കേസുകളിൽ എഫ്.ഐ.ആർ (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്യാനുള്ള അധികാരം എൻ.ഐ.എക്കും സംസ്ഥാന സർക്കാരിനുമുണ്ട്. സ്വർണ്ണക്കടത്ത് യു.എ.പി.എ നിയമ പ്രകാരം ശിക്ഷാർഹമായ നിയമവിരുദ്ധ പ്രവൃത്തിയാണ്. സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭീകര പ്രവൃത്തി ആണെന്ന് ഈ നിയമത്തിന്‍റെ 15 (1 ) (iiia)-ാം വകുപ്പിൽ നിർവച്ചിരിക്കുന്നു. അതുപോലെ തന്നെ ഇന്ത്യക്ക് എതിരായ ഏത് പ്രവൃത്തിയും ഈ നിയമത്തിന്‍റെ 13-ാം വകുപ്പനുസരിച്ച് ശിക്ഷാർഹമാകുന്ന നിയമ വിരുദ്ധ പ്രവൃത്തിയാണ്. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന വ്യാജേന സ്വർണ്ണം കടത്തിയ നടപടി യു.എ. ഇ.ക്ക് ഇന്ത്യയ്ക്ക് എതിരായി അസംതൃപ്തി ഉണ്ടാക്കുന്ന പ്രവൃത്തിയാണ്. ഇവിടെ ഗവണ്മെന്‍റിന് നേരെ നിയമം നീങ്ങുമ്പോൾ പ്രവൃത്തിയുടെ കാഠിന്യം വളരെ വലുതാണ്. 2008-ലെ എൻ.ഐ.എ ആക്ടിലെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു കുറ്റകൃത്യമാണിത്. ദേശീയ സുരക്ഷാ നിയമം അനുസരിച്ച് അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്ത് രാജ്യ ദ്രോഹമാണ്; ഭീകരവാദ പ്രവർത്തനമാണ്. ഇതുസംബന്ധിച്ച വിവരം ലഭിച്ചാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ ഓഫീസർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സംസ്ഥാന സർക്കാരിന് കൈമാറണമെന്ന് ഈ നിയമത്തിന്‍റെ 6 (1) വകുപ്പ് അനുശാസിക്കുന്നു. 6(2) വകുപ്പനുസരിച്ച് സംസ്ഥാന സർക്കാർ ദേശീയ അന്വേഷണ ഏജൻസി (NIA) കേസ് അന്വേഷിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം.റിപ്പോർട്ട് സ്വീകരിക്കുന്ന കേന്ദ്ര സർക്കാരാണ് അന്വേഷണം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത്. ഇവിടെ നടന്ന സ്വർണ്ണക്കളക്കടത്ത് ഗവണ്മെന്‍റും പൊലീസ് വകുപ്പും ഉൾപ്പടെ എല്ലാവരും അറിഞ്ഞു. എന്നിട്ടും ദേശീയ സുരക്ഷാ നിയമത്തിന്‍റെ 6 (1) വകുപ്പനുസരിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്‍റെ അധികാര പരിധി ഉൾപ്പെട്ട വലിയതുറ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സംസ്ഥാന സർക്കാരിന് കൈമാറാത്തതെന്തുകൊണ്ട് ? ഇതാണ് നിയമം ഉന്നയിക്കുന്ന ഏറ്റവും ഗൗരവതരമായ ചോദ്യം. ഇങ്ങനെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സർക്കാരിന് കൈമാറണമെന്ന് ബന്ധപ്പെട്ടവർക്കെല്ലാം അറിയാം. അത് അവരുടെ നിയമപരമായ ഉത്തരവദിത്വമാണ്. എന്തുകൊണ്ട് വലിയതുറ സ്റ്റേഷൻ ഹൗസ് ഓഫീസർ ആ ചുമതല, അതായത് നിയമപരമായ ഡിമാൻഡ് പാലിച്ചല്ല. ആരാണ് അദ്ദേഹത്തെ കർത്തവ്യ നിർവഹണത്തിൽ നിന്ന് തടഞ്ഞത് ? അദ്ദേഹത്തിന് തന്‍റെ നിയമപരമായ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാകില്ല. ഇത്രയും സുപ്രധാനമായ, രാജ്യാന്തര പ്രാധാന്യമുള്ള കേസിൽ അദ്ദേഹം 6 (1) വകുപ്പ് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സംസ്ഥാന സർക്കാരിന് കൈമാറാതിരിക്കണമെങ്കിൽ സംസ്ഥാന ആഭ്യന്തര മന്ത്രിയും ഡയറക്ടർ ജനറൽ ഓഫ് പൊലീസും തൊട്ട് താഴോട്ടുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് പിന്നീട് പുറത്തു വന്ന വസ്തുതകളിലൂടെ നിയമപരമായ നിഗമനത്തിലെത്താമെന്ന് നിയമ ലോകം വിലയിരുത്തുന്നു.

ഒരു സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നിയമപരമായ ചുമതലയിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല. അങ്ങനെ നിന്നാൽ അദ്ദേഹം കുറ്റക്കാരനാകും. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി ഉൾപ്പടെയുള്ളവരുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശവും പിൻബലവും ഇല്ലാതെ ഒരു സ്റ്റേഷൻ ഹൗസ് ഓഫീസറും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ ഔദ്യോഗിക കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തുകയില്ല. എൻ.ഐ.എ കേസ് എടുക്കുന്നതു വരെയുള്ള ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെയും പോലീസ് ഉന്നതരുടെയും നിലപാടുകൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്ന ത്. ദേശീയ സുരക്ഷാ ഏജൻസി മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കെതിരെ അന്വേഷണം നടത്തി ചാർജ് ചെയ്യേണ്ട ഒരു ബോധപൂർവമായ കുറ്റമാണിത്. മറിച്ചാണെങ്കിലും സംസ്ഥാന പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാത്തത് കുറ്റകരമായ ഒരു അനാസ്ഥയാണ് (Criminal Negligence) എൻ.ഐ.എ അന്വേ ഷിച്ച് നടപടിയെടുക്കേണ്ട ഒരു കുറ്റകൃത്യമാണിത്. മുഖ്യമന്ത്രിയേയും ഡി.ജി.പിയെയും ഉൾപ്പടെ പ്രതിപ്പട്ടികയിൽ ചേർത്ത് അന്വേഷിക്കേണ്ട ഒരു കേസാണിതെന്ന് നിയമജ്ഞർ അഭിപ്രായപ്പെടുന്നു. ഇപ്പോൾ നിയമത്തിന്‍റെ 6 (5) വകുപ്പ് പ്രകാരം സ്വമേധയാ ആണ് എൻ.ഐ.എ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. എന്തുകൊണ്ട് ഈ കുറ്റകൃത്യത്തെക്കുറിച്ച് ലോകം മുഴുവൻ അറിഞ്ഞിട്ടും കേരള പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്ത അനാസ്ഥ ഉണ്ടായി ? ഇതും എൻ.ഐ.എ അന്വേഷിക്കേണ്ട വിഷയമാണ്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതും കേരളം വിടാൻ അവർക്ക് കഴിഞ്ഞതും കുറ്റകരമായ അനാസ്ഥ തീവ്രമാക്കുന്നു. നിയമലംഘനം നടത്തിയ ഗവണ്മെന്‍റിന് തുടരാൻ അവകാശമില്ലെന്ന് ഭരണഘടനയും പറയുന്നു. സി.ബി.ഐ ഉൾപ്പെടെ മറ്റ് ഏജൻസികളുടെ അന്വേഷണവും ആവശ്യമാകുന്ന വസ്തുതകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

കോഗ്‌നൈസബിൾ ആയ ഒരു കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും ക്രിമിനൽ നടപടി നിയമം 154-ാം വകുപ്പനുസരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരുന്നതിൽ നിന്നുതന്നെ അത്യുന്നതരുടെ പങ്ക് പ്രഥമദൃഷ്ട്യാ വെളിവാകുന്നുണ്ട്. ഇനി സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് അറിവില്ലെങ്കിൽ തന്നെ, അതേക്കുറിച്ച് അറിവുള്ള മേലധികാരികൾ, ആഭ്യ ന്തര മന്ത്രിയും ഡി.ജി.പി.യുമുൾപ്പടെയുള്ളവർ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടില്ല.മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ നിഷ്‌ക്രിയ ത്വവും സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേസിലുള്ള റോളും പ്രതികളു മായുള്ള ബന്ധവും അവരെ സംരക്ഷിക്കുന്നതിന് സ്വീകരിച്ച നിഷ്‌ക്രിയമായ നിലപാടും എല്ലാം മുഖ്യമന്ത്രിയെയുംപ്രതിക്കൂട്ടിലാക്കുന്നതിനുള്ള നിഗമനമാ ണെന്ന് നിയമ വിദഗ്ദർ അഭിപ്രായപ്പെടുന്നു.കേരള നിയമസഭാ സ്പീക്കർക്കും ഈ നിഗമനം ബാധകമാണെന്നാണ് നിയമ രംഗത്തുള്ളവരുടെ അഭിപ്രായം.