ഡല്‍ഹി ഹോട്ടല്‍ തീപിടത്തം: മരണം 17; മരിച്ചവരില്‍ മലയാളിയും; രണ്ടുമലയാളികളെ കാണാനില്ല

Jaihind Webdesk
Tuesday, February 12, 2019

ന്യൂഡല്‍ഹി: ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 17 ഓളം പേര്‍ മരിച്ചു. 13 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. ചോറ്റാനിക്കര സ്വദേശിയായ ജയശ്രീ (53) ആണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്. ഹോട്ടല്‍ അര്‍പിത് പാലസിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

പുലര്‍ച്ചെ 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. 25 ഓളം ഫയര്‍ എന്‍ജിനുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. മണിക്കൂറുകള്‍ക്കം തന്നെ തീ പൂര്‍ണമായും അണച്ചു. തീ നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു.

13 പേരടങ്ങിയ മലയാളി കുടുംബമാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്. ഇവരില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. രണ്ടുപേരെ ഇനിയും കാണാനില്ല. എറണാകുളം ചേരാനെല്ലൂരില്‍നിന്നുളളവരായിരുന്നു മലയാളി സംഘം. ഗാസിയാബാദില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരായിരുന്നു ഇവര്‍. വിവാഹശേഷം ഹോട്ടലില്‍ താമസിക്കുകയായിരുന്നു.