അരിക്കൊമ്പന്‍ വനത്തിനുള്ളിലേക്ക് മാറി; തമിഴ്നാട് വനംവകുപ്പിനെ ചുറ്റിച്ച് കൊമ്പന്‍റെ നീക്കം

 

തമിഴ്നാട് വനംവകുപ്പിനെ ചുറ്റിച്ച് അരിക്കൊമ്പൻ. രാവിലെ സുരളിപ്പെട്ടിയിൽ ഉണ്ടായിരുന്ന അരിക്കൊമ്പൻ മേഘമല കടുവാ സങ്കേതത്തിലെ വനമേഖലയ്ക്ക് ഉള്ളിലേക്ക് കടന്നു. ക്ഷീണിതനായതിനാൽ അരിക്കൊമ്പൻ ഉടനെ ജനവാസ മേഖലയിലേക്ക് തിരികെ എത്തില്ല എന്നാണ് കണക്കുകൂട്ടൽ. അതേസമയം ആന തിരികെയെത്തിയാൽ മയക്കു വെടി വെച്ച് പിടികൂടാൻ ദൗത്യസംഘം മേഖലയിൽ തുടരുകയാണ്.

ഏറ്റവും ഒടുവിൽ ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ ലഭിക്കുമ്പോൾ മേഘമല കടുവാ സങ്കേതത്തിലാണ് അരിക്കൊമ്പൻ ഉള്ളത്. ചിന്നക്കനാലിൽ വനം വകുപ്പിനെ വട്ടം കറക്കിയതുപോലെ തന്നെയാണ് തമിഴ്നാട് വനം വകുപ്പിനെ അരിക്കൊമ്പൻ ചുറ്റിച്ചത്. ഇന്നലെ രാത്രി കമ്പംമെട്ട് റോഡിലേക്ക് കയറിയ കൊമ്പൻ പുലർച്ചെ പ്രത്യക്ഷപ്പെട്ടത് നേരെ എതിർ ദിശയിലുള്ള സുരളി വെള്ളച്ചാട്ടത്തിന് സമീപം. പിന്നീട് ആനഗജം വഴി കുത്തനാച്ചിയാർ വനമേഖലയിലേക്കും പിന്നീട് മേഘമല ഭാഗത്തേക്കും ആന കടന്നു. ഈ സമയത്തിനിടയ്ക്ക് ഒരു തവണ മാത്രമാണ് വനം വകുപ്പിന് ആനയെ നേരിട്ട് കാണാൻ കഴിഞ്ഞത്. അതേസമയം അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങിയാൽ തടയുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാണ്. 144 ഉൾപ്പെടെ പ്രഖ്യാപിച്ച് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകി. തമിഴ്നാട് വനംമന്ത്രി മതിവേന്ദനും ഉന്നത ഉദ്യോഗസ്ഥരും കമ്പത്ത് തുടരുന്നുണ്ട്.

മേഘമല കടുവാ സങ്കേതരത്തിലേക്ക് കയറിയ കൊമ്പൻ ഉടനെ തിരികെ ജനവാസ മേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത കുറവാണ്. എങ്കിലും അരിക്കൊമ്പൻ തിരികെയെത്തിയാൽ മയക്കു വെടി വെക്കുന്നതിന് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വനം വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്.

Comments (0)
Add Comment