കണ്ടില്ലെന്ന് പറയരുത്, ഇത് ആനാവൂര്‍ ഒപ്പിട്ട് അയച്ച കത്ത്; സഖാക്കളെ തിരുകിക്കയറ്റാന്‍ നല്‍കിയ മറ്റൊരു കത്ത് കൂടി പുറത്ത്

Jaihind Webdesk
Wednesday, November 16, 2022

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നിയമനകത്ത് വിവാദം തുടരുന്നതിനിടയിൽ സിപിഎമ്മിനെ
പ്രതിക്കൂട്ടിലാക്കുന്ന മറ്റൊരു കത്ത് കൂടി പുറത്ത് വന്നു. പാർട്ടി ബന്ധുക്കളായ മൂന്ന് പേരെ ജില്ല മർക്കന്‍റെയിന്‍ സഹകരണ സംഘത്തിൽ നിയമിക്കുവാൻ നിർദ്ദേശിച്ച് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നൽകിയ കത്താണ് പുറത്ത് വന്നത്.
താൽക്കാലികമായി ജോലി ചെയ്തിരുന്നവരെ സ്ഥിരമാക്കാൻ താൻ കത്ത് നല്‍കിയെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ആനാവൂർ പ്രതികരിച്ചു.

നിയമനകത്ത് വിവാദം തുടരുന്നതിനിടയിലാണ് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന മറ്റൊരു കത്ത് കൂടി പുറത്തുവന്നത്. സഹകരണ മേഖലയിലെ നിയമനത്തിലും സിപിഎം ഇടപെടൽ വ്യക്തമാക്കുന്ന കത്താണ് പുറത്ത് വന്നത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ജില്ലാ മർക്കന്‍റെയിന്‍ സഹകരണ സംഘത്തിൽ മൂന്ന് പേരെ നിയമിക്കാൻ ആവശ്യപ്പെട്ട് നൽകിയ കത്താണ് പുറത്തുവന്നത്.

ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ രണ്ടുപേരെയും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാനാണ് കത്തിൽ ആനാവൂരിന്‍റെ നിർദേശം. ഇതിനു പുറമേ അറ്റന്‍ഡർ വിഭാഗത്തിൽ ഉടൻ നിയമനം വേണ്ടെന്നും കത്തിൽ  സിപിഎം ജില്ലാ സെക്രട്ടറി നിർദ്ദേശം നൽകുന്നുണ്ട്. ജില്ലാ സെക്രട്ടറിയുടെ ലെറ്റർ പാഡിലാണ് നിയമന ശുപാർശ. 6/7/21 ജില്ല മർക്കന്‍റെയിന്‍ സഹകരണ സംഘo പ്രസിഡന്‍റ് ബാബു ജാനാണ് ആനാവൂർ കത്ത് നൽകിയത്. കത്ത് എഴുതിയത് താൻ തന്നെയാണെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ആനാവൂർ നാഗപ്പന്‍റെ പ്രതികരണം. ഇടതുഭരണത്തില്‍ സഹകരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ സമസ്ത മേഖലകളിലും പിൻവാതിൽ നിയമനങ്ങൾ തന്നെയാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഒന്നിന്നു പിറകെ ഒന്നൊന്നായി അനുദിനം പുറത്ത് വരുന്നത്.