‘കണക്കില്ലാതെ നിയമിക്കരുത്, പരിധി വേണം’; മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഹൈക്കോടതി

Jaihind Webdesk
Thursday, December 1, 2022

Kerala-High-Court

കൊച്ചി: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കെല്ലാം ഈ പരിധി ബാധകമാക്കണം. കണക്കില്ലാതെ ആളുകളെ പേഴ്സണല്‍ സ്റ്റാഫായി നിയമിക്കുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

പേഴ്സണല്‍ സ്റ്റാഫ് നിയമനം സംസ്ഥാന സര്‍ക്കാരിന്‍റെ നയപരമായ തീരുമാനമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, പക്ഷേ നിയമനത്തിന് നിയന്ത്രണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. പേഴ്സണല്‍ സ്റ്റാഫിനുള്ള പെന്‍ഷന്‍ റദ്ദാക്കണമെന്നും, ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ മറ്റൊരാവശ്യം. കൊച്ചിയിലെ ആന്‍റി കറപ്‌ഷന്‍ പീപ്പിള്‍സ് മൂവ്മെന്‍റ് ആണ് ഹർജി നല്‍കിയത്.