സണ്ണി വെയ്ൻ, അലൻസിയർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘അപ്പൻ’.
നാടിനും വീടിനും തലവേദനയായ ‘അപ്പൻ’ കഥാപാത്രത്തെയാണ് അലന്‍സിയര്‍ അവതരിപ്പിക്കുന്നത്. ശരീരത്തിന് സ്വാധീമില്ലാഞ്ഞിട്ടും ആഗ്രഹങ്ങൾ അടങ്ങാത്ത മനസുമായി ജീവിക്കുന്ന ഒരു മനുഷ്യനാണ് അലൻസിയറിന്‍റെ ഇട്ടിച്ചൻ. അയാൾക്ക് അയാളോടല്ലാതെ മറ്റാരോടും പ്രതിബദ്ധതയില്ല. ആരോടും തരിമ്പ് സ്നേഹവുമില്ല. കട്ടിലിൽ പൂർണ്ണസമയം കിടക്കുന്ന കഥാപാത്രം ആയതുകൊണ്ട് തന്നെ അഭിനയിച്ച് ഫലിപ്പിക്കാൻ പരിമിതികൾ ഉണ്ടെങ്കിലും വികാര പ്രകടനങ്ങളിലൂടെയും സംസാര ശൈലിയിലൂടെയും കഥാപാത്രത്തെ പൂർണ്ണതയിലെത്തിക്കാൻ അലന്‍സിയറിനായി.
അലസിയറിന്‍റെ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തിനൊപ്പം, തന്‍റെ മകന്‍റെ മുന്നിൽ മെച്ചമായി ജീവിക്കാൻ ആഗ്രഹിക്കുന്ന സണ്ണി വെയ്‌നിന്‍റെ ‘ഞ്ഞൂഞ്ഞ്’ എന്ന ‘അപ്പൻ’ കഥാപാത്രവും പ്രധാനമാണ്. ബാല്യം മുതൽ അപ്പന്‍റെ മകനായി അപമാനം സഹിക്കേണ്ടി വന്ന പുത്രന്‍. ഒരേസമയം അപ്പന്‍റെയും മകന്‍റെയും വ്യത്യസ്ത മനോഭാവങ്ങക്കൊപ്പം കഥാപാത്രമുൾക്കൊള്ളുന്ന വികാരതലങ്ങളെയും കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കാൻ സണ്ണി വെയ്നിന്‍റെ അഭിനയത്തിന് കഴിഞ്ഞിട്ടുണ്ട്. ഇട്ടിച്ചന്‍റെ ഭാര്യയുടെ വേഷത്തിലെത്തുന്ന പോളി വിത്സൻ, നിസഹായയായി ഭർത്താവിന്‍റെ ചെയ്തികൾക്ക് കൂട്ടുനിൽക്കേണ്ടി വരുന്ന സാധാരണ നാട്ടിൻപുറത്ത് കണ്ടുവരുന്ന ഭാര്യമാരുടെ തനിപകർപ്പാണ്.
അനന്യ, ഗ്രേസ് ആന്‍റണി എന്നിവർ തങ്ങളുടെ വേഷങ്ങൾ കയ്യടക്കത്തോടെ പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും അവരുടെ കഥാപാത്രങ്ങൾ തന്മയത്വത്തോടെ കൈകാര്യം ചെയ്തു. കുടുംബ ചിത്രമാണെന്നിരിക്കെ തന്നെ ആരെയും ‘വൈറ്റ് വാഷ്’ ചെയ്യാതെ പച്ചയായി കഥ പറയുന്നു എന്നതുതന്നെയാണ് ചിത്രത്തിന്‍റെ പ്രധാന വിജയം. ഇടുക്കിയിലെ ഒരു ചെറിയ ഗ്രാമ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
സംവിധായകനായ മജുവിനോപ്പം ജയശങ്കറും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. മന്ദഗതിയിലുള്ള പശ്ചാത്തല സംഗീതവും ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. വീടും ചുറ്റുമുള്ള റബർ തോട്ടവും മാത്രമാണ് ലൊക്കേഷനെങ്കിലും വിരസതയുണ്ടാക്കാതെ മനോഹരമാക്കാന്‍ ഛായാഗ്രഹകരായ പപ്പുവും വിനോദ് ഇല്ലമ്പള്ളിയും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
സണ്ണി വെയ്ൻ പ്രൊഡക്ഷൻസും ടൈനി ഹാൻസ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരേസമയം അപ്പന്‍റെയും മകന്‍റെയും അമ്മയുടെയും ഭാര്യയുടെയും മകളുടേയുമൊക്കെ വികാരങ്ങളെ ഉൾക്കൊള്ളുന്ന സിനിമ പ്രേക്ഷക പ്രേക്ഷകപ്രീതി നേടുമെന്നതിൽ സംശയമില്ല. സോണി ലിവിലൂടെയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.