എ.പി അനില്‍കുമാറിന് ക്ലീന്‍ ചിറ്റ്; സോളാര്‍ കേസിലെ പരാതി വ്യാജമെന്ന് സിബിഐ

Jaihind Webdesk
Monday, December 12, 2022

 

തിരുവനന്തപുരം: സോളാർ കേസില്‍ മുൻ മന്ത്രി എ.പി അനിൽ കുമാറിന് ക്ലീന്‍ ചിറ്റ്. അനില്‍ കുമാറിനെതിരായ പരാതി വ്യാജമെന്ന് സിബിഐ. അനിൽ കുമാറിന്‍റെ പ്രൈവറ്റ് സെക്രട്ടറി പണം വാങ്ങിയെന്ന ആരോപണവും വ്യാജമാണെന്ന് സിബിഐ കണ്ടെത്തി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി.  നേരത്തെ എംപിമാരായ അടൂർ പ്രകാശിനും ഹൈബി ഈഡനും എതിരായ ആരോപണങ്ങള്‍ തള്ളി സിബിഐ റിപ്പോർട്ട് നൽകിയിരുന്നു.

പരാതിക്കാരിയുടെ ആരോപണങ്ങൾക്ക് ആധാരമായ തെളിവുകൾ കണ്ടെത്താനായില്ലെന്ന് സിബിഐ വ്യക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. തെളിവ് ഹാജരാക്കുന്നതിൽ പരാതിക്കാരിക്ക് വീഴ്ച സംഭവിച്ചുവെന്നും സിബിഐ ചൂണ്ടിക്കാട്ടി. ആദ്യ ഘട്ടത്തിൽ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ തെളിവുകളൊന്നും കണ്ടെത്താനാകാത്തതിനെ തുടർന്ന് ഒന്നാം പിണറായി സർക്കാരാണ് സിബിഐക്ക് അന്വേഷണം കൈമാറിയത്. രാഷ്ട്രീയപകപോക്കലിന്‍റെ ഭാഗമായി കെട്ടിച്ചമച്ച കേസാണെന്നാണ് ഇത് വ്യക്തമാക്കുന്നതാണ്.