ഓക്സിജന്‍ വിതരണം തടസപ്പെടുത്തിയാല്‍ തൂക്കുകയർ : ഡല്‍ഹി ഹൈക്കോടതി

Jaihind Webdesk
Saturday, April 24, 2021


ന്യൂഡൽഹി : രാജ്യത്ത് ഓക്സിജൻ വിതരണം ആരെങ്കിലും തടസ്സപ്പെടുത്തിയാൽ അവരെ തൂക്കിലേറ്റുമെന്ന് ഡൽഹി ഹൈക്കോടതി. മഹാരാജ അഗ്രസെന്‍ ആശുപത്രി ഗുരുതരമായ കൊവിഡ് രോഗികൾക്കുള്ള ഓക്സിജൻ ക്ഷാമത്തില്‍ നല്‍കിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം . കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനെ ‘സുനാമി’ എന്നാണ് കോടതി വിശേഷിപ്പിച്ചത്.

480 മെട്രിക് ടൺ ഓക്സിജൻ ലഭിച്ചില്ലെങ്കിൽ സിസ്റ്റം തകരുമെന്നും വലിയ ദുരന്തം നടക്കുമെന്നും ഡല്‍ഹി സർക്കാർ കോടതിയെ അറിയിച്ചു. ഇന്നലെ 295 മെട്രിക് ടൺ ഓക്സിജനാണ് ലഭിച്ചതെന്നും  സർക്കാർ വ്യക്തമാക്കുന്നു. കൈവശമുളള ഓക്സിജന്‍റെയും വിതരണത്തിന്‍റെയും കൃത്യമായ വിവരം കേന്ദ്രത്തിൽനിന്ന് തേടണമെന്നും ഡല്‍ഹി സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി തുടരുന്നതിനിടെ ഒട്ടേറെ ആശുപത്രികളാണ് ഓക്സിജന്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നത്.

ഹർജി പരിഗണിക്കവേ ഓക്സിജൻ വിതരണം തടസ്സപ്പെടുത്തുന്നവരെ തൂക്കിലേറ്റുമെന്ന് കോടതി . ആരെയും വെറുതെവിടില്ല, അത്തരക്കാരെക്കുറിച്ച് അറിയിക്കണമെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. എന്നാണ് ഡൽഹിക്ക് 480 മെട്രിക് ടൺ ഓക്സിജൻ ലഭ്യമാക്കുന്നതെന്ന് അറിയിക്കണമെന്നും കോടതി കേന്ദ്രത്തിന് നിർദേശം നൽകി.

അതേസമയം, സംസ്ഥാനങ്ങളാണ് ഓക്സിജനു വേണ്ടിയുള്ള ടാങ്കറുകൾ‍ അയയ്ക്കുന്നതെന്നും അവരെ സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു. ഡൽഹി ഉദ്യോഗസ്ഥർ കൂടെ ജോലി ചെയ്യണമെന്നും കേന്ദ്രം നിലപാടറിയിച്ചു.