മോഫിയയുടെ ആത്മഹത്യ: സിഐ സുധീറിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ അന്‍വര്‍ സാദത്ത് എംഎല്‍എ; മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചു

Wednesday, January 19, 2022

ആലുവയിലെ നിയമവിദ്യാർത്ഥി മോഫിയ പർവീണിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് സിഐ സുധീറിന്‍റെ പേര് ഒഴിവാക്കിയതിനെതിരെ അൻവർ സാദത്ത് എംഎൽഎ. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും എംഎൽഎ കത്തയച്ചു.

മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ അന്ന് സിഐ ആയിരുന്ന സി.എൽ സുധീറിന്‍റെ പേര് വ്യക്തമായി പരാമർശിച്ചിട്ടും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് പോലീസിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് അൻവർ സാദത്ത് എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടി. സത്യം പുറത്തുകൊണ്ടുവരുന്നതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് പുനരന്വേഷണം നടത്തണം. ഇത്തരക്കാർ സർവീസിൽ തുടരുന്നത് സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയാണ്. സിഐ സുധീറിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്ത് സർവീസിൽ നിന്ന് പുറത്താക്കണമെന്നും അൻവർ സാദത്ത് എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.