അനുവിന്‍റെ ആത്മഹത്യ : മുഖ്യമന്ത്രിയുടേയും പി.എസ്.സി ചെയര്‍മാന്‍റെയും പേരിൽ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Sunday, August 30, 2020

തിരുവനന്തപുരം : പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനുവിന്‍റെ മരണത്തിന് ഉത്തരവാദികളായ മുഖ്യമന്ത്രിയുടേയും പി.എസ്.സി ചെയര്‍മാന്‍റെയും പേരില്‍ ഐ.പി.സി 309 പ്രകാരം പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാരക്കോണത്തുള്ള അനുവിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ്.

അനുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് അത്യന്തം ദാരുണമായ സംഭവമാണ്. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് പട്ടികയില്‍ ഇടം നേടിയിട്ടും ജോലി ലഭിക്കാത്ത അഭ്യസ്തവിദ്യരായ പതിനായിരക്കണക്കിന് യുവതീയുവാക്കളുടെ പ്രതീകമാണ് അനു. സംസ്ഥാന സര്‍ക്കാരും പി.എസ്.സിയും യുവാക്കളോട് ക്രൂരതയാണ് കാട്ടുന്നത്. ജോലി നിഷേധിക്കുന്നതിനെതിരായ വികാരം പ്രകടിപ്പിച്ചാല്‍ നിയമന വിലക്ക് ഏര്‍പ്പെടുത്തുമെന്ന നിലപാടാണ് പി.എസ്.സിക്കുള്ളത്. പി.എസ്.സിയുടെ ഇത്തരം വിചിത്ര നിലപാടിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയാല്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി തന്‍റെ സായാഹ്ന വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തു. പി.എസ്.സി ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ത്ത പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാണ് ഇക്കാര്യം പറയുന്നതെന്നതാണ് ഏറെ പരിഹാസ്യം. ആത്മഹത്യ ചെയ്ത അനുവിനെ പോലുള്ള പതിനായിരക്കണക്കിന് യുവതീ യുവാക്കള്‍ നിയമനം കാത്തുനില്‍ക്കുമ്പോഴാണ് സി.പി.എമ്മിന്‍റെ ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും പിന്‍വാതില്‍ വഴി നിയമനങ്ങളുടെ ഘോഷയാത്ര നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പി.എസ്.സി പരീക്ഷയെഴുതി ജോലി നേടുകയായിരുന്നു അനുവിന്‍റെ ലക്ഷ്യം. പി.എസ്.സിയുടെ വിവിധ തസ്തികയിലേക്ക് നടന്ന നാല് റാങ്ക് പട്ടികയിലും അനു ഇടം നേടിയിരുന്നു. ആത്മത്യ ചെയ്ത അനു നിര്‍ധന കുടുംബത്തിലെ അംഗമാണ്. വലിയ കടബാധ്യതയും ഉയര്‍ന്ന പലിശയും കാരണം ലോണ്‍ തിരിച്ചടവ് തന്നെ മുടങ്ങിക്കിടക്കുകയാണ്. ആ കുടുംബത്തിന്‍റെ അവസ്ഥ നേരില്‍ കണ്ടുമനസിലാക്കിയതാണ്. എന്തു നല്‍കിയാലും അനുവിന് പകരമാകില്ല. അനുവിന്‍റെ സഹോദരന് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.