ജാമിയ വെടിവെപ്പിലേക്ക് നയിച്ചത് അനുരാഗ് താക്കൂറിന്‍റെ വിദ്വേഷ പ്രസംഗം ; താക്കൂറിന്‍റെ പാർലമെന്‍റ് അംഗത്വം റദ്ദാക്കണമെന്ന് ടി.എൻ പ്രതാപൻ എം.പി

Jaihind News Bureau
Friday, January 31, 2020

T.N Prathapan

ന്യൂഡൽഹി : മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തിൽ രാജ്ഘട്ടിലേക്ക് സമാധാന ജാഥ നയിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പുണ്ടായ സാഹചര്യം മുൻനിർത്തി കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂറിനെതിരെ ടി.എൻ പ്രതാപൻ എം.പി. അനുരാഗ് താക്കൂറിന്‍റെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി രാഷ്ട്രപതിക്കും സ്പീക്കർക്കും കത്തയച്ചു.

ഡൽഹി തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനുരാഗ് താക്കൂർ നടത്തിയ ‘ദേശദ്രോഹികളെ വെടിവെച്ചിടൂ’ എന്ന ആഹ്വാനത്തിന്‍റെ പരിണിതഫലമാണ് ജാമിയയിൽ ഉണ്ടായതെന്ന്  ടി.എന്‍ പ്രതാപൻ എം.പി കത്തില്‍ ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിൽ പങ്കെടുക്കുന്നവരെ ലക്ഷ്യം വെച്ചാണ് അനുരാഗ് താക്കൂർ ഈ വിവാദ പ്രസ്താവന നടത്തിയത്. കഴിഞ്ഞ നാല്‍പത്തിയെട്ട് ദിവസമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന ജാമിയ വിദ്യാർത്ഥികളെ ആക്രമിക്കാൻ രാംഭക്ത് ഗോപാൽ എന്ന അക്രമിക്ക് പ്രചോദനമായത് അനുരാഗ് താക്കൂറിന്‍റെ വിദ്വേഷ പ്രസംഗമാണെന്ന് ടി.എൻ പ്രതാപൻ എം.പി ആരോപിച്ചു.

ഇത്തരത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതും അക്രമത്തിന് ആഹ്വാനം ചെയ്തതും പാർലമെന്‍റ് അംഗമെന്ന നിലയ്ക്ക് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ടി.എൻ പ്രതാപൻ രാഷ്ട്രപതിക്കും സ്പീക്കർക്കും നൽകിയ കത്തിൽ പറയുന്നു. സമൂഹത്തിൽ ഭീതിയുണ്ടാക്കുന്ന, ഹിംസയ്ക്ക് പ്രചോദനം നൽകുന്ന, വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടി ഒരു പാർലമെന്‍റ് അംഗം ചെയ്യുന്നത് ചട്ടലംഘനമാണ്. മന്ത്രി കൂടിയായ അനുരാഗ് താക്കൂർ ഒരു കാരണവശാലും അത് ചെയ്യരുതായിരുന്നെന്നും ടി.എൻ പ്രതാപൻ എം.പി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഡൽഹി തെരഞ്ഞെടുപ്പ് ചട്ടലംഘനമുണ്ടായി എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയ കാര്യവും ടി.എൻ പ്രതാപൻ എം.പി കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.