കണ്ണൂർ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ എത്ര പേർക്ക് സംസ്ഥാന സർക്കാർ തൊഴിൽ നൽകിയെന്ന് വ്യക്തമാക്കണമെന്ന് കെ. മുരളീധരൻ എംപി. ക്ഷേമ പെൻഷൻ എത്ര പേർക്ക് വിതരണം ചെയ്തെന്ന് മുഖ്യമന്ത്രി പറയണമെന്നും കെ. മുരളീധരൻ. നവകേരള യാത്ര തിരുവനന്തപുരത്ത് സമാപിച്ചപ്പോൾ ഗതാഗത വകുപ്പ് കൈകാര്യം ചെയ്ത ആന്‍ണി രാജുവിനെയാണ് പിണറായി വിജയൻ മ്യൂസിയത്തിൽ വെച്ചതെന്ന് കെ. മുരളീധരൻ പരിഹസിച്ചു.
തലശേരി നിയോജക മണ്ഡലത്തിലെ യുഡിഎഫ് കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് പിണറായി വിജയൻ സർക്കാരിനെതിരെ കെ. മുരളീധരൻ എംപി രൂക്ഷ വിമർശനം നടത്തിയത്. നവകേരള യാത്രയിലെ ധൂർത്തും ഡിവൈഎഫ്ഐയുടെ രക്ഷാപ്രവർത്തനവും ഗവർണറും സർക്കാരും തമ്മിലുള്ള പോരുമെല്ലാം അക്കമിട്ട് നിരത്തിയാണ് കെ. മുരളീധരൻ എംപി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോരിന്‍റെ ഫലം അനുഭവിക്കുന്നത് വിദ്യാർത്ഥികൾ ആണ്. സർവകലാശാലകളിൽ വൈസ് ചാൻസിലർമാർ ഇല്ലാത്ത അവസ്ഥയാണ്. നവകേരളയാത്ര സമാപിച്ചാൽ അതിന് ഉപയോഗിച്ച ബസ് മ്യൂസിയത്തിൽ വെക്കുമെന്ന് എ.കെ. ബാലൻ പറഞ്ഞിരുന്നു. എന്നാൽ ആന്‍റണി രാജുവിനെയാണ് പിണറായി വിജയൻ മ്യൂസിയത്തിൽ വെച്ചതെന്ന് കെ. മുരളീധരൻ എംപി പറഞ്ഞു.
വിലകയറ്റം കാരണം ജനജീവിതം ബുദ്ധിമുട്ടിലാണ്. 13 അവശ്യവസ്തുക്കളുടെ സബ്സിഡിയാണ് സർക്കാർ എടുത്ത് കളഞ്ഞത്. വിലകയറ്റത്തിന് ഒപ്പം തൊഴിലില്ലായ്മയും രൂക്ഷമാണ്. രണ്ടാം പിണറായി സർക്കാർ എത്ര പേർക്ക് തൊഴിൽ നൽകിയെന്നും എത്ര പേർക്ക് ക്ഷേമ പെൻഷൻ വിതരണം ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു. എൻ. ഷംസുദ്ദീൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. വിവിധ യുഡിഎഫ് നേതാക്കൾ പങ്കെടുത്തു.