തൊണ്ടിമുതല്‍ കേസ്: ഔദ്യോഗിക വിജ്ഞാപനത്തിന് മുന്‍പ് രാജിവെക്കാന്‍ ആന്റണി രാജു; അപ്പീല്‍ ഉടന്‍

Jaihind News Bureau
Sunday, January 4, 2026

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഇടതുമുന്നണി എംഎല്‍എ ആന്റണി രാജു രാജിക്ക് ഒരുങ്ങുന്നു. കോടതി വിധി പ്രകാരം നിയമസഭാംഗത്വം റദ്ദാക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് അയോഗ്യത സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വരുന്നതിന് മുന്‍പ് സ്വയം രാജിവെക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. ഇന്ന് തന്നെ സ്പീക്കറെ നേരില്‍ കണ്ടോ ഇമെയില്‍ വഴിയോ രാജിക്കത്ത് കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിനും ഒന്നാം പ്രതിയായ കോടതി ജീവനക്കാരന്‍ കെ.എസ്. ജോസിനും മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ ഉടനടി അയോഗ്യരാക്കപ്പെടും.

വിധിക്ക് പിന്നാലെ ഇരുവരും ജാമ്യാപേക്ഷ നല്‍കുകയും കോടതി അത് അനുവദിക്കുകയും ചെയ്തു. ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാന്‍ കോടതി ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും, ഉടന്‍ തന്നെ അപ്പീല്‍ സമര്‍പ്പിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.

കോടതി വിധിപ്പകര്‍പ്പ് ലഭിച്ചാലുടന്‍ നിയമസഭാ സെക്രട്ടറി ആന്റണി രാജുവിനെ അയോഗ്യനാക്കി ഉത്തരവിറക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ആന്റണി രാജുവിനും ഇതിനോടകം നിയമോപദേശം ലഭിച്ചിട്ടുണ്ട്. സഭയില്‍ നിന്നുള്ള പുറത്താക്കല്‍ എന്ന നാണക്കേട് ഒഴിവാക്കാനാണ് വിജ്ഞാപനം വരും മുന്‍പേ രാജി സമര്‍പ്പിക്കാന്‍ അദ്ദേഹം ആലോചിക്കുന്നത്.

മയക്കുമരുന്ന് കേസിലെ വിദേശി പ്രതിയെ രക്ഷിക്കാനായി കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ മാറ്റം വരുത്തി എന്നതാണ് ആന്റണി രാജുവിനെതിരായ കേസ്. പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.