തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന് കനത്ത തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി

Jaihind News Bureau
Saturday, January 3, 2026

തിരുവനന്തപുരം: ആന്‍ണി രാജു എംഎല്‍എക്ക് കനത്ത തിരിച്ചടി. തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.  തിരുവനന്തപുരം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന അതീവ ഗുരുതരമായ കണ്ടെത്തലിലാണ് കോടതി എത്തിയിരിക്കുന്നത്.

കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജുവും, ഒന്നാം പ്രതിയായ അന്നത്തെ കോടതി ക്ലര്‍ക്ക് കെ എസ് ജോസും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന, കള്ളത്തെളിവ് നിര്‍മ്മിക്കല്‍, പൊതുസേവകന്റെ നിയമലംഘനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

പ്രതികൾക്കെതിരെ ചുമത്തിയ 409-ാം വകുപ്പ് (സർക്കാർ ഉദ്യോഗസ്ഥന്റെ വിശ്വാസവഞ്ചന) പ്രകാരം ശിക്ഷ വിധിക്കാൻ മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഉപഹർജി സമർപ്പിച്ചു. ഇതോടെ ശിക്ഷാ വിധിക്കായി കേസ് മേൽക്കോടതിയിലേക്ക് മാറ്റാനാണ് സാധ്യത.