ന്യൂഡൽഹി: രാജ്യത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ്. എന്‍ഐഎയും പോലീസിന്‍റെ ഭീകരവിരുദ്ധസേനയും സംയുക്തമായി നടത്തിയ റെയ്ഡില്‍ എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി പോപ്പുലർ ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ 247 പേർ അറസ്റ്റിലായി.
മധ്യപ്രദേശ്, കർണാടക, അസം, ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം നൽകിയതും പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് എൻഐഎ വ്യക്തമാക്കി. കർണാടകയിൽ പോലീസ് പുലർച്ചെ നടത്തിയ റെയ്ഡിൽ 45 പിഎഫ്ഐ അംഗങ്ങളെ അറസ്റ്റ് ചെയ്തു. ബാഗൽകോട്ട്, ബിദർ, ചാമരാജനഗർ, ചിത്രദുർഗ, രാമനഗര, മംഗളുരു, കൊപ്പൽ, ബെല്ലാരി, കോലാർ, ബെംഗളൂരു, മൈസൂരു, വിജയപുര ജില്ലകളിൽ ഉൾപ്പെടെ സംസ്ഥാനത്തുടനീളം പിഎഫ്ഐ നേതാക്കളുടെ വീടുകൾ റെയ്ഡ് ചെയ്തു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അവരുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയുടെയും 75 ലധികം പ്രവർത്തകരെ കർണാടകയിൽ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
ഡൽഹിയിൽ 30 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധമുണ്ടായേക്കുമെന്ന കണക്കുകൂട്ടലിൽ ജാമിയ അടക്കമുള്ള സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുജറാത്തിൽ പിഎഫ്ഐയുമായി ബന്ധമുള്ള 10 പേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിൽനിന്ന് നാല് പിഎഫ്ഐ പ്രവർത്തകരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. അസമിൽ 25 പിഎഫ്ഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ, അസമിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിഎഫ്‌ഐയുടെ 11 നേതാക്കളെയും പ്രവർത്തകരെയും ഡൽഹിയിൽ നിന്ന് ഒരാളെയും അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുപി പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോം തിങ്കളാഴ്ച ഒരു പിഎഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിൽ 21 പിഎഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ സെപ്റ്റംബർ 22 ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ഓഫീസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടത്തിയ റെയ്ഡില്‍ 106 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് 23ന് കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക അക്രമസംഭവങ്ങളും അരങ്ങേറി.