അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം: 17-ാം സാക്ഷിയും മൊഴി മാറ്റി; കൂറുമാറിയവരുടെ എണ്ണം 7 ആയി

 

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിൽ ആൾക്കൂട്ടം  മർദ്ദിച്ച് കൊലപ്പെടുത്തി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. കേസിൽ 17ാം സാക്ഷിയായിരുന്നു ജോളിയാണ് കൂറുമാറിയത്. പോലീസുകാർ നിർബന്ധിച്ചപ്പോൾ മൊഴി നൽകിയതാണെന്ന് ജോളി മൊഴി തിരുത്തി. ഇതോടെ കേസിൽ ഇതുവരെ കൂറുമാറിയവരുടെ എണ്ണം ഏഴായി.

പത്തു മുതൽ പതിനാറ് വരെ സാക്ഷികളെ വിസ്തതരിച്ചതിൽ ആറു പേർ നേരത്തെ തന്നെ കൂറുമാറിയിരുന്നു.  കേസിൽ ആകെ 122 സാക്ഷികളാണ് ഉളളത്. മൊഴിമാറ്റിയ രണ്ട് വനം വകുപ്പ് വാച്ചർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. വെള്ളിയാഴ്ച വിസ്തരിച്ച പതിമൂന്നാം സാക്ഷി സുരേഷിനെയും 17ാം സാക്ഷി ജോളിയെയുമാണ് ഇന്ന് വിസ്തരിച്ചത്. മധുവിനെ പ്രതികൾ മർദ്ദിക്കുന്നത് കണ്ടെന്ന നിർണായക മൊഴിയില്‍ സുരേഷ് ഉറച്ചു നിന്നു. അതേസമയം ജോളി മൊഴി മാറ്റിയത് പ്രോസിക്യൂഷന് തിരിച്ചടിയായി. പ്രതികൾ മധുവിനെ പിടിക്കാൻ മലയിലേക്ക് പോകുന്നത് കണ്ടെന്നായിരുന്നു ജോളിയുടെ രഹസ്യമൊഴി.

കേസിൽ സാക്ഷികളായിരുന്ന വനം വകുപ്പ് വാച്ചർമാരെ മൊഴി മാറ്റിയതിനാണ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്. പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുൽ റസാഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്. സാക്ഷികളിൽ ഇനിയും വനം വകുപ്പ് വാച്ചർമാരുണ്ട്. ഇവർക്ക് താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് വകുപ്പ് നടപടി. നിരന്തരമായി സാക്ഷികള്‍ മൊഴി മാറ്റുന്നത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് വ്യക്തമാണ്. വിഷയത്തില്‍ അടിയന്തരമായി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

Comments (0)
Add Comment