സർക്കാരിന് വീണ്ടും തിരിച്ചടി ; ഇ.ഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് സ്റ്റേ

Jaihind Webdesk
Wednesday, August 11, 2021

Kerala-High-Court-34

കൊച്ചി :ഇഡിക്കെതിരായ അന്വേഷണത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനാണ് തിരിച്ചടിയുണ്ടായത്. എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, ജുഡീഷ്യൽ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ചു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്‍റെ രണ്ടാമത്തെ അന്വേഷണത്തിനും കോടതിയിൽ നിന്നും തിരിച്ചടി. നേരത്തെ ഇഡിക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടിയെ മുമ്പ് ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നു.

ഇഡിക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനാണ് ഇപ്പോൾ തിരിച്ചടിയുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സർക്കാർ ഇഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു ഈ നടപടിയെന്ന് അന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. കമ്മീഷൻ നിയമനത്തെ തുടർന്ന് ജസ്റ്റിസ് വി.കെ മോഹനൻ കമ്മീഷൻ നിയമനം അസാധു വാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡി  ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസിൽ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും – സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ഹർജിയിൽ ഇഡിയുടെ വാദം.

കേന്ദ്ര ഏജൻസിയുടെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ ആണ്. കമ്മിഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താനാകില്ല. മുഖ്യമന്ത്രി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് കമ്മീഷൻ നിയമന ഉത്തരവിറക്കിയത്. സ്വർണക്കടത്തിലെ അന്വേഷണം അട്ടിമറിയ്ക്കാനാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതെന്നും ഇഡി വാദിച്ചു. ആയതിനാൽ ജുഡിഷ്യൽ കമ്മീഷൻ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിർകക്ഷിയാക്കിയായിരുന്നു ഇ ഡി ഹർജി നൽകിയിരുന്നത്. എന്നാൽ ജൂഡിഷ്യൽ കമ്മിഷന് എതിരായ ഇഡി ഹർജി നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ വാദം.

ഇഡി, കേന്ദ്ര സർക്കാരിന് കീഴിലുള്ള വകുപ്പ് മാത്രമാണെന്നും അങ്ങനെ ഒരു വകുപ്പിന് സംസ്ഥാന സർക്കാരിന് എതിരെ ഹർജി നൽകാൻ കഴിയില്ലെന്നും സർക്കാർ കോടതിയിൽ നിലപാടെടുത്തു. വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതി ഇഡി യുടെ ഹർജി ഫയലിൽ സ്വീകരിച്ചുചു കൊണ്ട് – ജുഡീഷ്യൽ അന്വേഷണത്തിന് സ്റ്റേ അനുവനിച്ചത്.