ലൈഫ് മിഷന്‍റെ ഫ്ളാറ്റ് നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിച്ച് ഭവനരഹിതർക്ക് പാര്‍പ്പിട സൗകര്യം ഒരുക്കണം : മുഖ്യമന്ത്രിക്ക് അനില്‍ അക്കരയുടെ കത്ത്

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍റെ ഫ്ളാറ്റ് നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിച്ച് സുരക്ഷിതത്വം ഉറപ്പാക്കി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഭൂരഹിതരും ഭവനരഹിതരുമായ 140 കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കണമെന്ന് അനില്‍ അക്കര എം.എല്‍.എ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് എം.എല്‍.എ ഈ ആവശ്യം ഉന്നയിച്ചത്.

വടക്കാഞ്ചേരി നഗരസഭയിലെ വടക്കാഞ്ചേരി വില്ലേജിലെ ചരല്‍പ്പറമ്പില്‍ ലൈഫ് പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂരഹിതരായ ഭവനരഹിതര്‍ക്ക് ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിനായി 2019 ജൂലൈ 11 ന് 14 കോടിരൂപയോളം അനുവദിച്ച് ഭരണാനുമതി നല്‍കിയിരുന്നു. ഇതിന്റെ PMC യായി ഹാബിറ്റാറ്റ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ ഹാബിറ്റാറ്റ് പ്ളാന്‍ തയ്യാറാക്കുകയും വടക്കാഞ്ചേരി നഗരസഭയില്‍ നിന്ന് KMBR ആക്ട് അനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പെര്‍മിറ്റും നേടിയിരുന്നു. അതേസമയം സംസ്ഥാന സര്‍ക്കാരും യു.എ.ഇ റെഡ് ക്രെസന്റും ലൈഫ് മിഷനും തമ്മില്‍ 2019 ജൂലൈ 11 ന് ഏര്‍പ്പെട്ട MoU ന്റെ അടിസ്ഥാനത്തില്‍ യൂണിടാക്ക് ബില്‍ഡേഴ്സ് അവിടെ ഫ്ളാറ്റ് നിര്‍മ്മാണം ആരംഭിച്ചിരുന്നു. യൂണിടാക്ക് ബില്‍ഡേഴ്സിന് ഇതിനായി ലഭിച്ച പണം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനധികൃതമായി കൈമാറിയത് സംബന്ധിച്ച് വിജിലന്‍സിന്റെയും സി.ബി.ഐ യുടെയും കേസ്സുകള്‍ നിലവിലുണ്ട്. നിലവില്‍‌ യൂണിടാക്ക് ബില്‍ഡേഴ്സ് ഫ്ളാറ്റ് നിര്‍മ്മാണം നിര്‍ത്തി വച്ചുവെന്നാണ് അറിയുന്നത്. മാത്രമല്ല യൂണിടാക്ക് ബില്‍ഡേഴ്സിന്റെയും സൈന്‍ വെഞ്ച്വേഴ്സിന്റെയും നിര്‍മ്മാണം നേരത്തെ ഹാബിറ്റാറ്റിന് അനുവദിച്ച പെര്‍മിറ്റിലെ KMBR ആക്ടിനും structural design നും വിരുദ്ധമായിട്ടാണ്. ആയതിനാല്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തെ കൊണ്ട് അടിയന്തിരമായി പരിശോധന നടത്തി നിര്‍മ്മാണത്തിന്റെ അപാകതകള്‍ പരിഹരിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും, നിലവിലെ നിര്‍മ്മാണത്തിന്റെ വാല്യുവേഷനെടുത്ത് ബാക്കി പൂര്‍ത്തീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി പാവപ്പെട്ട 140 കുടുംബങ്ങള്‍ക്ക് ഭവനമൊരുക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ഇതിനായി 2019 ജൂലൈ 11 ന് പുറപ്പെടുവിച്ച ഭരണാനുമതി പ്രകാരമുള്ള 14 കോടി രൂപ ലൈഫ് മിഷന് ഉപയോഗിക്കാവുന്നതാണ്. അതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് അധികബാധ്യത വരുന്നില്ല. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്റെ പേരില്‍‌ യു.എ.ഇ റെഡ് ക്രെസന്റില്‍ നിന്നും അനധികൃതമായി തട്ടിയെടുത്ത തുക തിരിച്ചു പിടിക്കുന്നതിനുള്ള തുടര്‍നടപടി സ്വീകരിക്കണമെന്നും അനില്‍ അക്കര എം.എല്‍.എ ആവശ്യപ്പെട്ടു.

Comments (0)
Add Comment