ആറ്റുകാൽ പൊങ്കാലക്ക് ഒരുങ്ങി അനന്തപുരി; ക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്ക്

Jaihind Webdesk
Wednesday, February 20, 2019

Attukal-Ponkala-starts

ആറ്റുകാൽ പൊങ്കാലക്ക് അനന്തപുരി ഒരുങ്ങികഴിഞ്ഞു. ഭക്തലക്ഷങ്ങളാണ് നഗരത്തിൽ എത്തിയത്. രാവിലെ 10.15 ന് പണ്ടാര അടുപ്പിൽ തീപകരും. പൊങ്കാല നിവേദ്യം 2.15ന് നടക്കും. അതേസമയം വൻ ഭക്തജനതിരക്കാണ് ക്ഷേത്രങ്ങളിൽ. കനത്ത സുരക്ഷയാണ് പൊങ്കാലയോടനുബന്ധിച്ച് തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

രാവിലെ 10.15-ന‌് പണ്ടാര അടുപ്പിൽ തീപകരും. തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് മേൽശാന്തി എൻ വിഷ്ണു നമ്പൂതിരിക്ക് കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ചശേഷം വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശം തയ്യാറാക്കിയ പണ്ടാര അടുപ്പിലും തീപകരും. ഇവിടെനിന്ന‌് പകരുന്ന ദീപമാണ് ക്ഷേത്രത്തിന് കിലോമീറ്റർ ചുറ്റളവിൽ ഒരുക്കുന്ന അടുപ്പുകളെ ജ്വലിപ്പിക്കുക. പകൽ 2.15-നാണ് പൊങ്കാല നിവേദ്യം. നിവേദ്യത്തിനായി 250 ശാന്തിമാർ വിവിധ മേഖലകളിലെത്തും.

രാത്രി 7.30-ന‌് ചൂരൽകുത്ത് ചടങ്ങ‌്. വ്യാഴാഴ്ച രാത്രി നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും. പ്രത്യേക കെഎസ‌്ആർടിസി ബസുകളും ട്രെയിനുകളും സർവീസ‌് നടത്തുന്നുണ്ട‌്. ഹരിതചട്ടം പാലിക്കുന്നതിന്‍റെ ഭാഗമായി പ്ലാസ്റ്റിക്കിന്റെയും ഫ‌്ളക‌്സിന്‍റെയും ഉപയോഗം തടഞ്ഞു. വനിതാ ബറ്റാലിയൻ ഉൾപ്പെടെ 3700 പൊലീസുകാരെ സുരക്ഷയ‌്ക്കായി നിയോഗിച്ചു. ഡ്രോണുകൾ ഉപയോഗിച്ച‌് ആകാശനിരീക്ഷണവും ഒരുക്കി.