‘മന്ത്രിയുടെ പ്രസ്താവന തൊഴിലാളികളില്‍ പ്രതിഷേധമുണ്ടാക്കി’; ആന്‍റണി രാജുവിനെതിരെ ആനത്തലവട്ടം ആനന്ദന്‍

Jaihind Webdesk
Friday, May 20, 2022

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പളപ്രതിസന്ധിയുമായി ബന്ധപ്പെട്ട ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ പരാമർശത്തിനെതിരെ സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍. തൊഴിലാളികളുടെ ശമ്പളം നൽകേണ്ടത് മാനേജ്മെന്‍റിന്‍റെ മാത്രം ഉത്തരവാദിത്വം എന്ന മന്ത്രിയുടെ പ്രസ്താവന തൊഴിലാളികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കിയെന്ന് ആനത്തലവട്ടം പറഞ്ഞു.

പൊതുമേഖലയെ സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്. ആറാം തീയതി കെഎസ്എസ്ആർടിസിയെ സംരക്ഷിക്കാൻ ആവശ്യമായ ബദൽ നയം പ്രഖ്യാപിക്കും. മാനേജ്മെന്‍റിനും മുഖ്യമന്ത്രിക്കും മാധ്യമങ്ങൾക്കും മുന്നിൽ ബദൽ രേഖ സമർപ്പിക്കുമെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

അതേസമയം കെഎസ്ആർടിസിയിലെ ശമ്പളം നൽകാനായി സർക്കാർ 30 കോടി രൂപ കൂടി ഇന്ന് അനുവദിക്കും. ബാക്കി തുക ഓവർ ഡ്രാഫ്റ്റ് എടുക്കാനാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം. ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ മാർച്ച് മാസം ദേശീയ പണിമുടക്കിൽ പങ്കെടുത്തവരുടെ രണ്ട് ദിവസത്തെ ശമ്പളം പിടിച്ചാവും ശമ്പളം നൽകുക. ഇന്ന് വൈകുന്നേരത്തോടെ ശമ്പള വിതരണം തുടങ്ങാനാകുമെന്ന് ഗതാഗതമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം ശമ്പള വിതരണം വൈകുന്നതിന് എതിരെ സിഐടിയു യൂണിയന്‍റെ പ്രതിഷേധ സംഗമം ഇന്ന് ട്രാൻപോർട്ട് ഭവന് മുന്നിൽ നടക്കും. പരിപാടിയിൽ അനിശ്ചിതകാല പ്രക്ഷോഭ പ്രഖ്യാപനമുണ്ടാകുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.