രാജ്യം പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകണമെന്ന് കോണ്‍ഗ്രസ്; മോദി സർക്കാർ പൊതുപണമെടുത്ത് ബി.ജെ.പി റാലി നടത്തുന്നു

നരേന്ദ്ര മോദി സർക്കാർ പൊതുപണമെടുത്ത് ബി.ജെ.പി റാലി നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ്. രാജ്യം പേപ്പർ ബാലറ്റിലേക്ക് തിരികെ പോകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു. ബി.ജെ.പിയെ ജനങ്ങളുടെ സഹായത്തോടെ പ്രതിപക്ഷം താഴെ ഇറക്കുമെന്നും അദേഹം പറഞ്ഞു.

മുമ്പ് ഒരു പ്രധാനമന്ത്രിയും സര്‍ക്കാര്‍ പണം മോദിയെപ്പോലെ ധൂര്‍ത്തടിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ പരധാനമന്ത്രി പരസ്യങ്ങള്‍ക്കായി ചിലവാക്കിയത് 6,000 കോടി രൂപയാണെന്നും ആനന്ദ് ശര്‍മ ചൂണ്ടിക്കാണിച്ചു. പ്രവാസി ഭാരത് ദിനത്തിലെ നരേന്ദ്ര മോദിയുടെ പ്രസംഗം പ്രധാനമന്ത്രിപദത്തിന് നിരക്കാത്തതാണ്. പരാജയപ്പെട്ട മേക്ക് ഇന്‍ ഇന്ത്യ വിജയമാണെന്ന് മോദി അവകാശപ്പെടുകയാണെന്ന് പറഞ്ഞ ആനന്ദ് ശര്‍മ, 2014ന് ശേഷം കാര്‍ഷികരംഗം അപ്പാടെ തകര്‍ന്നെന്നും ഇന്ത്യന്‍ ജനതയെ മോദി തെറ്റിദ്ധരിപ്പിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. 1 കോടി 10 ലക്ഷം പേര്‍ക്ക് രാജ്യത്ത് തൊഴില്‍ നഷ്ടമായി. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. പൊതുപണം ഉപയോഗിച്ച് യാത്ര നടത്തിയല്ല പ്രതിപക്ഷത്തിനെതിരെ ആരോപണമുന്നയിക്കേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.

ബഹിരാകാശരംഗത്തെ കുതിച്ചുചാട്ടത്തിന് ചുക്കാന്‍ പിടിച്ചത് ഇന്ദിരാ ഗാന്ധി അടക്കമുള്ള പ്രധാനമന്ത്രിമാരാണ്. രാജ്യത്ത് വലിയ വികസനം കൊണ്ടുവന്നെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി വികസനം സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ തയാറാകണമെന്നും ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.

ഇലക്ട്രോണി വോട്ടിംഗ് യന്ത്രങ്ങള്‍ സംബന്ധിച്ച ആശങ്ക വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഉന്നയിക്കുന്നതാണ്. സുപ്രീം കോടതിയിലും രാഷ്ട്രപതിക്ക് മുമ്പാകെയും തെരഞ്ഞെടുപ്പ് കമ്മീഷനുള്‍പ്പെടെ എല്ലായിടത്തും ഇക്കാര്യം ഉന്നയിച്ചിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ പേപ്പര്‍ ബാലറ്റ് കൊണ്ടുവന്നില്ലെങ്കിലും 50 ശതമാനമെങ്കിലും വി.വി പാറ്റ് സംവിധാനം കൊണ്ടുവരണമെന്നും ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.

narendra modibjpanand sharma
Comments (0)
Add Comment