“വരിക വരിക സഹജരേ…” നാടിന് സമ്മാനിച്ച അംശി നാരായണപ്പിള്ള വിടപറഞ്ഞിട്ട് 39 വർഷം

സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ഓർക്കുമ്പോൾ വരിക വരിക സഹജരേ എന്നു തുടങ്ങുന്ന ഗാനം ഓർക്കാതിരിക്കില്ല ആരും. അടങ്ങാത്ത ദേശഭക്തി വരികളിൽ ചാലിച്ച് കേരള ജനത ആവേശപൂർവ്വം പാടിനടന്ന ഗാനം രചിച്ച അംശി നാരായണപ്പിള്ള വിടപറഞ്ഞിട്ട് ഇന്നേക്ക് 39 വർഷം പിന്നിടുന്നു. എന്നാൽ കാലത്തിനിപ്പുറവും അദ്ദേഹത്തിന്‍റെ വരികളിലെ രാജ്യസ്‌നേഹവും ഗാന്ധിയൻ സമരവീര്യവും ഇന്നും അണയാതെ നിലനിൽക്കുന്നു.

https://www.facebook.com/JaihindNewsChannel/videos/158624479332037

കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അംശി നാരായണ പിള്ള. 1896 ൽ തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്ന എന്നാൽ ഇന്നത്തെ കന്യാകുമാരി ജില്ലയിലെ അംശിയിൽ ആയിരുന്നു ജനനം. ബ്രിട്ടീഷ് വാഴ്ചക്കെതിരെ മഹാത്മാഗാന്ധി തുടങ്ങിവെച്ച സതന്ത്ര സമരത്തിന്‍റെ തീ ജ്വലകൾ കേരളത്തിലും കത്തിപ്പടർന്ന കാലം. തിരുവിതാംകൂർ പൊലീസ് വകുപ്പിലെ ക്ലാർക്ക് ജോലി ഉപേക്ഷിച്ചായിരുന്നു അംശി നാരായണ പിള്ള സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നുവരുന്നത്.

സ്വരാജ് വാരികയിൽ സഹപത്രാധിപരായിരുന്ന അദ്ദേഹം ഗാന്ധിയൻ ആദർശം പ്രചരിപ്പിക്കാനായി 1924-ൽ തിരുവനന്തപുരത്തു നിന്നും ‘മഹാത്മാ’ എന്ന വാർത്താവാരിക തുടങ്ങി. മലയാളത്തിലെ ആദ്യത്തെ കാലണ പത്രമായിരുന്നു ഈ വാരിക. എന്നാൽ പിന്നീട് തൃശ്ശൂരിൽ നിന്നും ‘മഹാത്മാ’ ദിനപത്രമായി പ്രസിദ്ധീകരിച്ചിരുന്നു. ഗുരുവായൂർ സത്യാഗ്രഹത്തിന് ശക്തമായ പിന്തുണ നൽകിയ ദിനപത്രവുമായിരുന്നു, മഹാത്മ. അടങ്ങാത്ത ദേശഭക്തി കോർത്തിണക്കിയ അംശിയുടെ ആദ്യ കാല കവിതകൾ മഹാത്മയിലായിരുന്നു പ്രസിദ്ധീകരിച്ചത്.

1930-ൽ കോഴിക്കോട് വടകരയിൽ നിന്നും പയ്യന്നൂർ വരെ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് ആവേശമായി തീർന്ന , ‘വരിക വരിക സഹജരേ,സഹന സമര സമയമായി, കരളുറച്ചു കൈകൾ കോർത്ത്, കാൽ നടയ്ക്കു പോക നാം ‘ എന്നുതുടങ്ങുന്ന അദ്ദേഹത്തിന്റെ ഗാനം കേരള ജനത സ്വാതന്ത്ര്യ സമര കാലത്ത് അങ്ങോളമിങ്ങോളം ആവേശപൂർവ്വം പാടിനടന്ന ദേശഭക്തിഗാനമായി മാറി.

നിരോധന ലംഘനത്തിന്‍റെ പേരിൽ അംശിക്ക് ആറര മാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനും വിപ്ലവ ഗാനരചനയ്ക്കും അദ്ദേഹത്ത വിചാരണ ചെയ്തിട്ടുണ്ട്. 44-ആം വയസ്സിൽ തിരുവനന്തപുരം കരമന സ്വദേശിയായ തങ്കമ്മയെ അംശി നാരായണപിള്ള ജീവിതസഖിയാക്കി. 1941-ൽ പാഠപുസ്തകത്തിന് തെരഞ്ഞെടുത്ത ഒരു ഗ്രന്ഥത്തിന് ലഭിച്ച 1000 രൂപ കൊണ്ട് അദ്ദേഹം അംശിയിൽ ഒരു സ്‌കൂൾ ആരംഭിച്ചു. 85-ആം വയസ്സിൽ 1981 ഡിസംബർ ഒൻപതിനായിരുന്നു അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. എന്നാൽ കാലത്തിനിപ്പുറവും അദ്ദേഹത്തിന്റെ വരികളിലെ രാജ്യസ്‌നേഹവും ഗാന്ധിയൻ സമരവീര്യവും അണയാതെ നിലനിൽക്കുന്നു. ഇന്നും രാജ്യത്ത് ഉയരുന്ന സ്വാതന്ത്രത്തിനു വേണ്ടിയുള്ള നിലയ്ക്കാത്ത പോരാട്ടങ്ങൾക്ക് ആവേശം പകരുന്നതാണ് അദ്ദേഹത്തെ പോലെയുള്ളവരുടെ കവിതകൾ.

Comments (0)
Add Comment