ശബരിമലയില്‍ കയറുക തന്നെ ചെയ്യും; സുരക്ഷവേണമെന്ന ആവശ്യവുമായി അമ്മിണി

ശബരിമലയ്ക്ക് പോകാന്‍ സുരക്ഷ ഒരുക്കണമെന്ന ആവശ്യവുമായി വയനാട് സ്വദേശി അമ്മിണി കോട്ടയം എസ് പി യെ കണ്ടു. ദര്‍ശനം നടത്താന്‍ എല്ലാവിധ സുരക്ഷയും ഒരുക്കുമെന്ന് എസ് പി ഹരിശങ്കര്‍ അറിയിച്ചു. ഇന്നലെ ശബരിമലയില്‍ പോകാനെത്തിയ അമ്മിണി കെ. വയനാടിന് പ്രതിഷേധത്തെത്തുടര്‍ന്ന് തിരിച്ചു പോരേണ്ടി വന്നിരുന്നു. ഈ മണ്ഡലകാലത്ത് തന്നെ ശബരിമല ദര്‍ശനം നടത്തണം എന്ന ആവശ്യവുമായാണ് ദളിത് ആക്ടിവിസ്റ്റ് അമ്മിണി കെ വയനാട് കോട്ടയം എസ്പിയെ കാണാനെത്തിയത്. എസ്പി ഹരിശങ്കറുമായി 45 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. ശബരിമല ദര്‍ശനം നടത്താന്‍ എല്ലാവിധ സഹായവും ചെയ്യുമെന്ന് എസ് പി ഉറപ്പുനല്‍കിയതായി അമ്മിണി കെ വയനാട് പറഞ്ഞു.

എന്നാല്‍ പോലീസ് കൃത്യനിര്‍വഹണത്തില്‍ അലംഭാവം കാണിക്കുന്നുവെന്ന പരാതിയും ഇവര്‍ക്കുണ്ട്. സുരക്ഷ നല്‍കാമെന്ന് ഉറപ്പു നല്‍കുന്നുണ്ടെങ്കിലും പമ്പയിലും മറ്റും ചെല്ലുമ്പോള്‍ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പോലീസ് തങ്ങളെ പിന്തിരിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നു. ദര്‍ശനം നടത്തിക്കണമെന്ന താല്‍പര്യം ഇല്ലാത്ത പോലെയാണ് പോലീസിന്റെ പെരുമാറ്റമെന്നും അവര്‍ സൂചന നല്‍കി. ഇന്നലെ ദര്‍ശനത്തിനെത്തിയ അമ്മിണി കെ വയനാടിന് ശബരിമലയിലേക്ക് എത്താന്‍ സാധിച്ചില്ല. വഴിയിലുടനീളം പ്രതിഷേധങ്ങളും നേരിടേണ്ടിവന്നു. എരുമേലിയില്‍ നിന്നും നിലയ്ക്കലേക്ക് പുറപ്പെട്ട ഇവര്‍ സംഘര്‍ഷസാധ്യതയെ തുടര്‍ന്ന് തിരിച്ചു പോരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ട് ഇന്ന് എസ് പിയെ കണ്ടത്.

Comments (0)
Add Comment