ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ താരസംഘടനയില്‍ ഭിന്നത; പവർ ഗ്രൂപ്പില്ല, ന്യായീകരിച്ച് സിദ്ധിഖ്; ഒറ്റപ്പെട്ട സംഭവമായി എഴുതിത്തള്ളാനാവില്ലെന്ന് ജഗദീഷ്

Jaihind Webdesk
Friday, August 23, 2024

 

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഒടുവില്‍ പ്രതികരിച്ച് താരസംഘടനയായ എഎംഎംഎ. ജനറൽ സെക്രട്ടറി സിദ്ദിഖ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിനു മോഹൻ, ചേർത്തല ജയൻ, ജോമോൾ, അനന്യ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. പ്രതികരിക്കാന്‍ വൈകിയത് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുമായി ചർച്ച ചെയ്യാന്‍ വേണ്ടിയാണ്. പവർ ഗ്രൂപ്പിനെ കുറിച്ച് അറിയില്ലെന്നും റിപ്പോർട്ട് എഎംഎംഎയ്ക്ക് (AMMA) എതിരല്ലെന്നും സിദ്ദിഖ് ന്യായീകരിച്ചു. അതേസമയം സിദ്ധിഖിന്‍റെ നിലപാട് തള്ളി എഎംഎംഎ വൈസ് പ്രസിഡന്‍റ് ജഗദീഷ് രംഗത്തെത്തി. വേട്ടക്കാരന്‍റെ പേര് ഒഴിവാക്കിയത് എന്തിനെന്നും പരാതികള്‍ ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും ജഗദീഷ് തുറന്നടിച്ചു. ആരോപിതർ അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് പ്രതികരിച്ചു.

 

എഎംഎംഎ (AMMA) ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞത്:

അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമർശനമുണ്ട്. പ്രസിഡന്‍റ് മോഹൻലാൽ സ്ഥലത്തില്ല. അവരോടുൾപ്പെടെ ചർച്ച ചെയ്യാനാണ് സമയമെടുത്തത്. അല്ലാതെ ഒളിച്ചോട്ടമല്ല. റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദ്ദേശങ്ങളും തികച്ചും സ്വാഗതാർഹം. റിപ്പോർട്ട് പുറത്തുവരുന്നതിനെ എതിർട്ടില്ല. റിപ്പോർട്ടിൽ എന്തു നടപടിയെടുക്കണം എന്ന് തീരുമാനിക്കുന്നതു സർക്കാരാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്‌ക്കെതിരെയുള്ള ഒന്നല്ല. മാധ്യമങ്ങൾ അമ്മയെ പ്രതിസ്ഥാനത്തു നിർത്തുന്നതു സങ്കടകരം. അടച്ചാക്ഷേപിച്ചുള്ള ആരോപണങ്ങൾ വിഷമങ്ങളുണ്ടാക്കി. പവർ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല.

സിനിമാ സെറ്റുകളിൽ പ്രാഥമികാവശ്യത്തിനുള്ള സൗകര്യം പോലുമില്ലെന്ന പരാതി ഇപ്പോൾ കണക്കിലെടുക്കാനാവില്ല. നാലഞ്ച് വർഷം മുമ്പായിരുന്നെങ്കിൽ അത് ശരിയായിരുന്നു. ഇപ്പോൾ സാഹചര്യം മാറി. ഭൂരിഭാഗം സെറ്റിലും പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കുന്നുണ്ട്. കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ആരും സംഘടനയോടു പരാതി പറഞ്ഞിട്ടില്ല. അറിയാത്ത കാര്യത്തിൽ എങ്ങനെയാണ് നടപടിയെടുക്കുക.

2006ൽ നടന്ന സംഭവത്തെക്കുറിച്ച് 2018ൽ ഒരു പെൺകുട്ടി പരാതി നൽകിയിരുന്നു. അന്ന് ഞാൻ വെറും എക്സിക്യൂട്ടിവ് മെമ്പർ മാത്രമായിരുന്നു. അന്നു പരാതി ശ്രദ്ധയിൽപ്പെട്ടില്ല. അതു തെറ്റായിപ്പോയി. അങ്ങനെയുണ്ടാകാൻ പാടില്ലാത്തതാണ്. അല്ലാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചു മറ്റു പരാതികൾ അമ്മയ്ക്കു ലഭിച്ചിട്ടില്ല. ലൈംഗികാതിക്രമത്തേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കാതെ പോകുന്നു എന്ന പ്രശ്നമാണു സിനിമാ മേഖല നേരിടുന്ന വലിയ പ്രശ്നം. ഡബ്ല്യുസിസി അംഗങ്ങൾക്ക് അവസരം നിഷേധിക്കാൻ ആവില്ല. കഥാപാത്രത്തിന് ഏറ്റവും അനുയോജ്യരായ ആളുകളെയാണ് ആദ്യം പരിഗണിക്കുന്നത്. ഒരു പവർ ഗ്രൂപ്പിന് അങ്ങനെ ആരെയും മാറ്റിനിർത്താനാവില്ല.

എഎംഎംഎ (AMMA) വൈസ് പ്രസിഡന്‍റ് ജഗദീഷ് പറഞ്ഞത്:

ഒറ്റപ്പെട്ട സംഭവമാണെന്ന് പറയാനാവില്ല. സംഘടന ഉത്തരവാദിത്തം ഏറ്റെടുക്കണം. വേട്ടക്കാരുടെ പേരുകൾ എങ്ങനെ ഒഴിവായി? ലൈംഗിക ചൂഷണങ്ങളിൽ നടപടി സ്വീകരിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു. കണ്ടെത്തലുകളിൽ അന്വേഷണം വേണം. പേരുകൾ ഉണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല. ഒറ്റപ്പെട്ടെ സംഭവം ആണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ കഴിയില്ല. വ്യവസായത്തിൽ പ്രശ്നങ്ങളുണ്ട്. എനിക്ക് നേരിട്ട് അനുഭവമില്ല.സിനിമാ വ്യവസായത്തിൽ പ്രശ്നങ്ങൾ നടക്കുന്നുണ്ടെങ്കിൽ ഭാവിയിൽ ഇല്ലാതാക്കണം. ഇതിൽ ചോദ്യങ്ങളുണ്ടാകുമ്പോൾ മറ്റിടത്തും നടക്കുന്നില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. സർക്കാർ റിപ്പോർട്ട് വൈകിയതിലും പേജുകൾ മാറ്റിയതിലും വിശദീകരണം നൽകണം.

ദിലീപ് കേസിൽ ദിലീപ് രാജിവെച്ചു. സ്വയം രാജിവച്ചയാൾക്കെതിരെ നടപടി സ്വീകരിക്കേണ്ട കാര്യമില്ല. റിപ്പോർട്ട് അന്ന് പ്രസിദ്ധീരിച്ചിരുന്നെങ്കിൽ ഇന്ന് ഒരുപാട് കാര്യങ്ങളിൽ മാറ്റമുണ്ടാകുമായിരുന്നു. പേരുകൾ പുറത്തു വരട്ടെ, പുറത്തു വന്നാൽ ഗോസിപ്പുകൾ കുറയും. റിപ്പോർട്ട് അഞ്ചുവർഷം മുമ്പുള്ളതാണ്. റിപ്പോർട്ടിൽ പറയുന്ന അടിസ്ഥാന സൗകര്യങ്ങളിൽ ഇപ്പോൾ മാറ്റമുണ്ട്. എന്നാൽ റിപ്പോർട്ടിലെ മൊഴികൾ അപ്രസക്തം എന്നർത്ഥമില്ല. ഡബ്ല്യുസിസി ഉന്നയിച്ച കാര്യങ്ങൾ ന്യായമാണ്. അവർ വേറെയല്ല, നമ്മളിലുള്ളവർ തന്നെയാണ്. സിനിമാ മേഖലയിൽ എല്ലായിടവും ചൂഷണമില്ല. സിനിമയിൽ ചൂഷണമുണ്ട്. നേരിട്ടവർ തന്നെയാണ് പരാതിയുമായെത്തിയിട്ടുള്ളത്, അതിൽ സംശയമില്ല. റിപ്പോർട്ട് വന്നതിനു ശേഷം കുറ്റം ചെയ്തവർക്ക് ഒരു ഭയമുണ്ടായിട്ടുണ്ട്. ആത്മ പ്രസിഡന്‍റിനെതിരെ എന്നല്ല ആർക്കെതിരെയും ആരോപണമുണ്ടായാലും അന്വേഷിക്കപ്പെടണം.