ആമിനയുടെ ആഗ്രഹം സഫലമാകുന്നു ; രാഹുല്‍ ഗാന്ധിയെ ഇന്ന് നേരില്‍ കാണും

Jaihind News Bureau
Tuesday, October 20, 2020

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെന്ന തന്‍റെ പ്രിയനേതാവിനെ നേരില്‍ കാണണമെന്ന  കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ആമിനയുടെ ആഗ്രഹം സഫലമാകുകയാണ്  ഇന്ന്. രാഹുൽ ഗാന്ധിയെ നേരിൽ കാണണം സംസാരിക്കണം എന്ന വലിയ മോഹം ഇന്ന് വയനാട്ടിൽ സാക്ഷാത്കരിക്കും. ആമിനയുടെ ആഗ്രഹം അറിഞ്ഞ കെ.സി വേണുഗോപാൽ എംപിയാണ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചു.

പരിമിതികളെ ഇഛാശക്തി കൊണ്ട് മറികടന്ന് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആമിനയുടെ വീട്ടിലെ സാഹചര്യങ്ങളും വളരെ പ്രയാസകരമാണ്. ഡയാലിസിസ് ചെയ്യുന്ന അവസ്ഥയിലാണ് പിതാവ്. ഏക വരുമാനമാർഗം ഉമ്മയുടെ ജോലിയായിരുന്നു. അതും നഷ്ടപ്പെട്ട അവസ്ഥയാണ്. പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ച് നേടിയ ഉന്നത വിജയത്തിലും അംഗപരിമിതി, മെഡിസിന് പഠിക്കുകയെന്ന വലിയ സ്വപ്നത്തിന് തടസ്സമാകുമോ എന്നാണ് ആമിനയുടെ ആശങ്ക.