ധൂര്‍ത്ത് തുടര്‍ന്ന് സര്‍ക്കാര്‍; രാജ്ഭവനില്‍ ഭക്ഷണ ചെലവുകള്‍ക്കായി 5 ലക്ഷം രൂപ അനുവദിച്ചു, ഉത്തരവ് പുറത്ത്

Jaihind News Bureau
Monday, April 27, 2020

തിരുവനന്തപുരം:  കൊവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്ത് തുടരുന്നു. രാജ്ഭവനില്‍ ഭക്ഷണച്ചെലവുകള്‍ക്കായി 5 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി തുക ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.  ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നു.

നേരത്തെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും ഉപയോഗത്തിനാവശ്യമായ ടര്‍ക്കി ടവ്വലുകളും ഹാന്‍ഡ് ടൗവ്വലുകളും വാങ്ങുന്നതിനായി 75,000 രൂപ അനുവദിച്ചതും ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ  ഓഫീസ് മോടിപിടിപ്പിക്കുന്നതിന്‍റെ ഭാഗമായി 2,89000 രൂപ അനുവദിച്ചതും വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസ് ലോഞ്ചില്‍ 72 ഇഞ്ച് എല്‍ഇഡി ടി.വിയും മ്യൂസിക് സിസ്റ്റവും സ്ഥാപിക്കാനാണ് തുക അനുവദിച്ചത്.

സെക്രട്ടേറിയേറ്റിലെ  കൊവിഡ് വാര്‍റൂമിലെ വിരലില്‍ എണ്ണാവുന്ന ജീവനക്കാര്‍ക്ക് ഭക്ഷണത്തിനായി ഒരു ലക്ഷം രൂപ അനുവദിച്ചതും ഏറെ ചര്‍ച്ചയായിരുന്നു. ഇങ്ങനെ തുടര്‍ച്ചയായി അനാവശ്യ ധൂര്‍ത്തുകളും ആഡംബരവും കൊവിഡ് കാലത്തും സര്‍ക്കാര്‍ തുടരുകയാണ്. സാലറി ചലഞ്ച് ഉള്‍പ്പെടെ ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും മറുവശത്ത് യാതൊരു നിയന്ത്രണവുമില്ലാതെ ധൂര്‍ത്ത് തുടരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.