പ്രതിസന്ധിയില്‍ കൈവിട്ട സര്‍ക്കാര്‍ പ്രവാസികളുടെ പേരില്‍ ധൂർത്തടിക്കുന്നത് കോടികള്‍; പോര്‍ട്ടല്‍ നവീകരണത്തിനായി ചെലവഴിക്കുന്നത് 1 കോടി 13 ലക്ഷം

Jaihind News Bureau
Thursday, June 18, 2020

 

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസി മലയാളികള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട ഇടപെടലുകള്‍ നടത്തേണ്ട സര്‍ക്കാര്‍ പ്രവാസികളുടെ പേരു പറഞ്ഞ് അഴിമതിയും ധൂര്‍ത്തും തുടരുന്നു. പ്രവാസികള്‍ക്കായുള്ള ജോബ് പോര്‍ട്ടല്‍ നവീകരിക്കാനെന്ന പേരില്‍ കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എന്നാല്‍ പോര്‍ട്ടലിലൂടെ ഇതുവരെയും ആർക്കെങ്കിലും ജോലി ലഭിച്ചതായി അറിവില്ല.

സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് മുഖാന്തരം നടത്തി വരുന്ന ‘ ജോബ് പോര്‍ട്ടലും, ഓവര്‍സീസ് റിക്രൂട്ട്‌മെന്റ് പോര്‍ട്ടലും’ പദ്ധതിക്കായി 1 കോടി 13 ലക്ഷം രൂപ ചെലവഴിക്കാന്‍ ഭരണാനുമതി നല്‍കികൊണ്ട് ഈ മാസം 12-ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജോബ് പോര്‍ട്ടലിന്റെ നവീകരണത്തിന് 35 ലക്ഷം, ഹാര്‍ഡ് വെയര്‍ വാങ്ങാന്‍ 20 ലക്ഷം, ഗള്‍ഫ് മേഖലയില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ പിആര്‍ ഏജന്‍സിക്കായി 45 ലക്ഷം, ലഘുലേഖ പരസ്യങ്ങള്‍ 15 ലക്ഷം, ഭരണ ചെലവുകള്‍ 9 ലക്ഷം, ഓഫീസ് ചെലവിനും 9 ലക്ഷം എന്നിങ്ങനെയാണ് പണം ചെലവഴിക്കുന്നത്.

ഇപ്പോള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി  പ്രവാസികളെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. വിദേശത്ത് തൊഴില്‍ നഷ്ടപ്പെട്ട ഒരാളെപോലും നാട്ടിലെത്തിക്കുന്നതിനായി  പണം ചെലവഴിക്കാത്ത സര്‍ക്കാരാണ് ഇത്തരത്തില്‍ ആര്‍ഭാടങ്ങള്‍ക്കും ആഢംബരങ്ങള്‍ക്കുമായി പണം ധൂര്‍ത്തടിക്കുന്നത്.