യുവാവിനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍; കൊലപാതകം മകളെ ശല്യംചെയ്തതിനെതുടര്‍ന്നെന്ന് പ്രതി

Jaihind Webdesk
Monday, February 18, 2019

മകളെ ശല്യംചെയ്ത യുവാവ് പെൺകുട്ടിയുടെ പിതാവിൻെറ കുത്തേറ്റ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ അറവുളശേരി വീട്ടിൽ ബാബുവിൻെറ മകൻ കുര്യൻ(20)ആണ് മരിച്ചത്. ഞായറാഴ്ച പകൽ 12.30ഓടെ വാടക്കൽ ദൈവജനമാത പള്ളിക്ക് സമീപത്തായിരുന്നു സംഭവം. അയൽവാസി വാടക്കൽ വേലിയകത്ത് വീട്ടിൽ സോളമൻ(42)നെ സംഭവവുമായി ബന്ധപ്പെട്ട് പുന്നപ്ര പൊലീസ് അറസ്റ്റുചെയ്തു.

സോളമൻെറ മകളെ കുര്യൻ നിരന്തരം ശല്യം ചെയ്യുകയും പ്രേമാഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു. ശല്യംകൂടിയതോടെ പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. കുട്ടിയെ ശല്യം ചെയ്യരുതെന്ന് പലതവണ താക്കീതുചെയ്തിരുന്നതായി സോളമൻ പൊലീസിനോട് പറഞ്ഞു. എന്നാൽ ഇത് കൂട്ടാക്കാതെ കുട്ടി സ്കൂളിൽ പോകുമ്പോഴും മറ്റും ശല്യംചെയ്തുപോന്നു.

സംഭവദിവസം ബൈബിൾ ക്ലാസുകഴിഞ്ഞ് പള്ളിയിൽനിന്നും മടങ്ങുകയായിരുന്ന പെൺകുട്ടിയെ കുര്യൻ ശല്യം ചെയ്തു. ഇതറിഞ്ഞത്തിയ സോളമൻ കത്തികൊണ്ട് കുര്യനെ കുത്തുകയായിരുന്നു. വയറിന് കുത്തേറ്റ കുര്യനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ 5ഓടെ മരിച്ചു.