നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം കെഎസ്‌യുവിന് പുതിയ സംസ്ഥാന പ്രസിഡന്‍റ്. എറണാകുളം ജില്ലാ പ്രസിഡന്‍റായി മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള അംഗീകാരമാണ് സഹപ്രവർത്തകരുടെ പ്രിയപ്പെട്ട അലോഷിക്ക് ഈ പുതിയ ഉത്തരവാദിത്വം. തേവര കോളേജിൽ നിന്നും എക്കണോമിക്സിൽ ബിഎ, എംഎ, എംഫില്‍ പൂർത്തിയാക്കി നിലവിൽ എംജി യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ്.
പി.ടി തോമസിന്‍റെ പിന്മുറക്കാരനായി ഇടുക്കി ജില്ലയിൽ നിന്നുള്ള കെഎസ്‌യുവിന്‍റെ രണ്ടാമത്തെ സംസ്ഥാന പ്രസിഡന്‍റ് ആണ്. ഇടുക്കിയുടെ മലയോര മേഖലയായ അടിമാലിയിലെ കർഷക കുടുംബത്തിൽ നിന്നാണ് അലോഷിയുടെ വരവ്. അടിമാലി വിശ്വദീപ്തി സ്കൂൾ, കുളമാവ് ജവഹർ നവോദയ വിദ്യാലയം തുടങ്ങിയിടത്തും നിന്നും സ്കൂൾ വിദ്യാഭ്യാസ ശേഷം എറണാകുളം
തേവര സേക്രഡ് ഹാർട്ട് കോളേജിൽ എത്തിയ ശേഷമാണ് സംഘടനാപ്രവർത്തനം ആരംഭിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഹൈബി ഈഡൻ എംപി, റോജി എം ജോൺ എംഎല്‍എ തുടങ്ങിയവർക്ക് ശേഷം തേവര കോളേജിൽ നിന്നും കോൺഗ്രസിന്‍റെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്ന പുതിയ തലമുറയുടെ പ്രതിനിധി ആണ്. തേവര കോളേജ് യൂണിയൻ ചെയർമാനും രണ്ട് തവണ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (UUC) ആയും തെരഞ്ഞെടുക്കപ്പെട്ടു. തേവര കോളേജിലെ കെഎസ്‌യു യൂണിറ്റ് സെക്രട്ടറി, എറണാകുളം ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിരുന്നു. എംജി യൂണിവേഴ്സിറ്റി യൂണിയൻ ജോയിന്‍റ് സെക്രട്ടറിയായും ഈ കാലയളവിൽ പ്രവർത്തിച്ചു. തേവര കോളേജിലെ മികച്ച സംഘടനാപ്രവർത്തനം തിരിച്ചറിഞ്ഞ പ്രസ്ഥാനം എറണാകുളം കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറിയായും നിയമിച്ചു.
തുടർന്ന് വാശിയേറിയ കെഎസ്‌യു സംഘടനാ തെരഞ്ഞെടുപ്പ് നടന്ന 2017 ൽ എല്ലാവരുടെയും പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് എറണാകുളത്തെ കെഎസ്‌യുവിന്‍റെ അധ്യക്ഷപദവിയിലേക്ക് അലോഷ്യസ് വിജയിച്ചു കയറി. നിലവിലത്തെ സംസ്ഥാന കമ്മിറ്റിയിൽ അന്യജില്ലക്കാരനായ ഏക ജില്ലാ പ്രസിഡന്‍റും അലോഷ്യസ് തന്നെയാണ്. ഗ്രൂപ്പ് സമവാക്യങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള എറണാകുളം ജില്ലയിൽ വിഭാഗീയതയ്ക്ക് അതീതമായി കെഎസ്‌യു പ്രവർത്തകരെയും സഹപ്രവർത്തകരെയും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോയതിന്‍റെ കേന്ദ്രബിന്ദു ആയിരുന്നു അലോഷി.
പല കാരണങ്ങൾ കൊണ്ട് സംസ്ഥാന സമ്മേളനവും പല ജില്ലകളിലെയും സമ്മേളനങ്ങളും നടക്കാതിരുന്ന കാലഘട്ടത്തിൽ ജില്ലാ സമ്മേളനവും പഠന ക്യാമ്പുകളുൾപ്പെടെ നടത്തി സംഘടനയെ ചലിപ്പിക്കുവാൻ അലോഷിക്ക് സാധിച്ചു. എറണാകുളം ജില്ലയിലെ പല പ്രമുഖ കോളേജ് യൂണിയനുകളും ഈ കാലയളവിൽ കെഎസ്‌യുവിന് വിജയിക്കാൻ കഴിഞ്ഞത് ഇദ്ദേഹത്തിന്‍റെ പ്രവർത്തമികവിനുള്ള നേർസാക്ഷ്യമാണ്.
സമരപോരാട്ടങ്ങളുടെ ഭാഗമായി നിരവധി തവണ പോലീസ് പീഡനങ്ങൾക്ക് അദ്ദേഹം ഇരയായി. ഒന്നാം പിണറായി സർക്കാരിന്‍റെ സ്വാശ്രയ കോളേജ് ഫീസ് നയത്തിൽ കെഎസ്‌യു നടത്തിയ സംസ്ഥാന മാർച്ചിൽ പിണറായി പോലീസിന്‍റെ ക്രൂരമായ ലാത്തിച്ചാർജിന് ഇരയായി ഇടതു ചെവിയുടെ കേൾവി ശക്തി ഇപ്പോഴും തകരാറുണ്ട്.
2017-18 കാലഘട്ടത്തിൽ എംജി യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു വിദ്യാർത്ഥികളുമായി വോട്ട് ചെയ്യാൻ പോയ അലോഷിയെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുകയും ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തു. ക്രൂരമായ ആക്രമണത്തിന് ഇരയായി മരണശയ്യയിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ നിരവധി ശാസ്ത്രക്രിയകൾക്ക് ശേഷം നീണ്ട കാലത്തെ വിശ്രമത്തിന് ശേഷമാണ് വീണ്ടും സംഘടനാ പ്രവർത്തനത്തിൽ സജീവമായത്. ഇടവേളകളില്ലാതെ, സമരപോരാട്ടങ്ങളിലൂടെ പ്രതിപക്ഷത്തിന്‍റെ കരുത്തായി എറണാകുളം ജില്ലാ കെഎസ്‌യുവിനെ മാറ്റിയതിനുള്ള അംഗീകാരമായി എന്‍എസ് യുഐ ദേശീയ കോർഡിനേറ്റർ ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും കർണാടകയുടെ ചുമതല പാർട്ടി ഏൽപ്പിക്കുകയും ചെയ്തു. എന്‍എസ് യുഐ ദേശീയ കമ്മിറ്റിയിലുള്ള ഏക ജില്ലാ പ്രസിഡന്‍റും അലോഷ്യസ് തന്നെയാണ്.
ഉജ്വലമായി സമരപോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോഴും ഒരു ചെറു പുഞ്ചിരിയുമായി എതിരാളികളുടെ പോലും മനസ് കീഴടക്കുന്ന സൗമ്യനായ പോരാളി പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിൽ പ്രസ്ഥാനത്തിന് കരുത്ത് പകരും എന്നതിൽ സംശയമില്ല. പുതിയ കാലഘട്ടത്തിന്‍റെ രാഷ്ട്രീയത്തിന് അനുസൃതമായി സംഘടനയെ പരുവപ്പെടുത്തുക എന്ന വലിയ ദൗത്യമാണ് പുതിയ പ്രസിഡന്‍റിൽ നിക്ഷിപ്തമായിരിക്കുന്നത്.