കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ്: കുത്തിത്തിരിപ്പുണ്ടാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് അലോഷ്യസ് സേവ്യർ; കുറിപ്പ്

 

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന വാർത്തകള്‍ ചിലരുടെ ഭാവനാസൃഷ്ടിയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. യുഡിഎസ്എഫ് (UDSF) മുന്നണിയില്‍ അസ്വാരസ്യമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നും തെറ്റായ വാർത്തകള്‍ക്ക് പിന്നിലെ അജണ്ടയ്ക്ക് കീഴ്പ്പെടാന്‍ ഉദ്ദേശ്യമില്ലെന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മുന്നണിക്കുള്ളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് സംസ്ഥാന തലത്തിൽ പരിഹരിക്കാനും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നും തീരുമാനിക്കാനുള്ള സംവിധാനം മുന്നണിക്കുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎസ്എഫിന്‍റെയും കെഎസ്‌യുവിന്‍റെയും നേതാക്കള്‍ ഒന്നിച്ചുള്ള ചിത്രവും അലോഷ്യസ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.

 

അലോഷ്യസ് സേവ്യറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് KSU സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പ്രസ്താവന ചോദിച്ചു വിളിക്കുന്ന മാധ്യമ സുഹൃത്തുക്കളും, ഈ വാർത്തകൾ ആഘോഷിച്ചു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന SFI പ്രവർത്തകരും അറിയുന്നതിന് :

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് UDSF മുന്നണിയായി തന്നെ മുന്നോട്ട് പോയി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ വളരെ ചെറിയൊരു വോട്ടുകൾക്കാണ് ഞങ്ങൾക്ക് യൂണിയൻ നഷ്ടപ്പെട്ടത്.

KSU വോട്ട് മറിച്ചതുകൊണ്ടാണ് മുന്നണി പരാജയപ്പെട്ടത് എന്ന് സാമൂഹ്യ മാധ്യമത്തിലൂടെയും വാർത്തകളിലൂടെയും മാത്രമേ കണ്ടിട്ടുള്ളൂ. MSF സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി ഇത്തരത്തിൽ ഒരു പ്രസ്താവന പൊതുമാധ്യമത്തിൽ ഇറക്കിയതായി അറിവില്ല. അങ്ങനെ വരുമെന്ന് പ്രതീക്ഷിക്കുന്നില്ല വരുമെങ്കിൽ വരുന്ന പക്ഷം പ്രതികരിക്കാം. മാധ്യമങ്ങൾ പടച്ചുവിടുന്ന വാർത്തകൾക്ക് വൈകാരികമായി പ്രതികരണം നൽകി നിങ്ങളുടെ അജണ്ടകൾക്ക് നിന്നു തരാൻ ആഗ്രഹമില്ലാത്തത് കൊണ്ടാണ് ഔദ്യോഗിക പ്രസ്താവന നൽകാത്തത്.

UDF മുന്നണിക്കുള്ളിൽ വലിയ പൊട്ടിത്തെറി എന്ന തരത്തിൽ വാർത്താ കുറിപ്പുകൾ കൊടുക്കുമ്പോൾ നിങ്ങൾക്ക് വാർത്താ റേറ്റിംഗും, അതാഘോഷിക്കാൻ തയാറായി നിൽക്കുന്ന സംഘപരിവാർ-CPIM ദ്വാന്ദങ്ങൾക്ക് മാനസിക ഉല്ലാസവും ലഭിക്കുമായിരിക്കും. അത്തരം ഹിഡൻ അജണ്ടക്ക് കീഴ്പ്പെടാൻ ഉദ്ദേശമില്ല.

UDSF മുന്നണിയിൽ ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിച്ചത് KSU പ്രവർത്തകയായ തെരേസ പി ജിമ്മി ആണ്. അവർ കൂടി പരാജയപ്പെടാൻ വേണ്ടി KSU വോട്ട് മറിച്ചു എന്ന് മാധ്യമങ്ങൾ പറയുന്നതിലെ യുക്തി മനസിലാവുന്നില്ല. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ വിജയത്തിന് വേണ്ടി MSF പക്ഷത്തു നിന്നും PK Navas ന്‍റെ ഉജ്വലമായ നേതൃത്വവും KSU വിന്‍റെ ഭാഗത്ത്‌ നിന്നും അഞ്ചു ജില്ലകളിൽ നിന്നായി ആത്മാർത്ഥമായി വിജയത്തിന് വേണ്ടി ശ്രമിച്ച സഹപ്രവർത്തകരുടെ പരിശ്രമത്തെ വിലകുറച്ചു കാണാനേ ഇത്തരം മാധ്യമ വാർത്തകൾ ഉപകരിക്കൂ.
SFI തിരുവനന്തപുരം ലോ കോളേജിലും കാലടി ശങ്കര കോളേജിൽ ഉൾപ്പെടെ നടത്തിയ തെമ്മാടിത്തരത്തെ മറച്ചു പിടിക്കാൻ ശ്രമങ്ങൾ നടത്തുന്ന മാധ്യമ അജണ്ടയ്ക്ക് മുന്നിൽ കീഴ്പ്പെടാൻ തൽക്കാലം ആഗ്രഹിക്കുന്നില്ല.

UDSF മുന്നണിക്കുള്ളിൽ എന്തെങ്കിലും അസ്വസ്ഥതകളോ പരിഭവമോ ഉണ്ടെങ്കിൽ അത് സംസ്ഥാന തലത്തിൽ ഇരുന്ന് തീർക്കാനും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ എത്തരത്തിൽ ആയിരിക്കണമെന്നും തീരുമാനിക്കാൻ ഉള്ള സംവിധാനം നിലവിൽ UDSF മുന്നണിക്കുണ്ട്. അത് ഞങ്ങൾ ചെയ്തുകൊള്ളാം. മാധ്യമ പ്രവർത്തകരുടെ ഉപദേശമോ സഹായമോ ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നില്ല.

 

# ചിത്രം: MSF സംസ്ഥാന പ്രസിഡന്റ്‌ പി.കെ നവാസ്, KSU സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ് ഷമ്മാസ്, KSU ജില്ലാ ഭാരവാഹികളായ അൻഷിദ് ഇ.കെ, വി.ടി സൂരജ് എന്നിവർക്കൊപ്പം KSU വിന്‍റെ ഒരു ബാച്ച് UUC മാർക്ക് വോട്ടിംഗ് നിർദേശം നൽകുന്നു.

Comments (0)
Add Comment