സിറിയയിൽ നിന്നും സൈന്യത്തെ പിൻവലിയ്ക്കില്ലെന്ന സൂചന നൽകി അമേരിക്ക

Jaihind Webdesk
Sunday, March 24, 2019

Donald-Trump

സിറിയയിൽ നിന്നും സൈന്യത്തെ പിൻവലിയ്ക്കില്ലെന്ന സൂചന നൽകി അമേരിക്ക. ഐ.എസിനെ സിറിയയിൽ നിന്ന് പൂർണമായും തുരത്തിയെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ലബനിലും ഇസ്രായേലിലും സന്ദർശനം നടത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആണ് സൈനിക പിന്മാറ്റം ഉടനുണ്ടാവില്ലെന്ന സൂചന നൽകിയത്. സിറിയയിൽ നിന്നും അമേരിക്കൻ സൈന്യം പിൻവാങ്ങുമെന്ന് മാസങ്ങൾക്ക് മുമ്പ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്വന്തം പാർട്ടിയിലെ ചില അംഗങ്ങളുടെ തന്നെ സമ്മർദം കാരണം അതു നടപ്പിലായില്ല. സിറിയയിൽ ഐ.എസിനെ നശിപ്പിച്ച ശേഷമേ പിന്മാറ്റമുണ്ടാകൂ എന്നാണ് പിന്നീട് ട്രംപുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകിയത്.

സിറിയയിൽ നിന്നും അമേരിക്കൻ സൈന്യം പിന്മാറുന്നത് ഇസ്രായേൽ ഇഷ്ടപ്പെടുന്നില്ല. യു.എസ് സൈനിക പിന്മാറ്റം നീട്ടിവയ്ക്കാൻ ഇസ്രായേലിന്റെ താത്പര്യങ്ങൾക്ക് വഴങ്ങി റിപബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങൾ ട്രംപിനുമേൽ സമ്മർദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഐ.എസിനെ തോല്പിച്ചെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മൈക് പോംപിയോ ഇസ്രായേലിലെത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ കണ്ടതും ശ്രദ്ധേയമാണ്.

ഇസ്രയേൽ പിടിച്ചടക്കിയ സിറിയൻ പ്രദേശമായ ഗോലൻകുന്നുകൾ മേൽ ഇസ്രയേലിനുള്ള അധീശത്വം അംഗീകരിക്കണമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു