നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ട്; വിചാരണ കോടതി നടപടി കേട്ടുകേൾവി ഇല്ലാത്തത് : ക്രൈംബ്രാഞ്ച്

Jaihind Webdesk
Sunday, May 29, 2022

കൊച്ചി : നടിയെ അക്രമിച്ച കേസില്‍ ദിലീപിനും വിചാരണ കോടതിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ക്രൈംബ്രാഞ്ച്. നടിയെ ബലാത്സം​ഗം ചെയ്യുന്ന  ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ട്.  ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് തെളിവുകൾ ലഭിച്ചു. കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം തടഞ്ഞ വിചാരണ കോടതി ജഡ്ജയിയുടെ നടപടി ആശ്ചര്യപ്പെടുത്തുന്നതാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. തുടരന്വേഷണത്തിന് സാവകാശം തേടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വെളിപ്പെടുത്തൽ.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ കൈവശമുണ്ടെന്നതിന് കൃത്യമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വെളിപ്പെടുത്തൽ. അനൂപിന്‍റെ മൊബൈൽ ഫോണുകളുടെ സൈബർ പരിശോധനയിലാണ് തെളിവ് കിട്ടിയത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഓരോ സീനുകളുടെയും കൃത്യമായ വിവരണങ്ങൾ ഫോണിൽ നിന്ന് ലഭിച്ചു. ദൃശ്യങ്ങൾ കയ്യിലില്ലാത്ത ഒരാൾക്ക് ഇത്തരത്തിൽ സീൻ ബൈ സീൻ ആയി വിവരങ്ങൾ രേഖപ്പെടുത്താൻ ആകില്ല. അനൂപിനെ ചോദ്യം ചെയ്തപ്പോൾ അഭിഭാഷകരുടെ ഓഫീസിൽ നിന്ന് ഫോട്ടോകൾ കണ്ട് രേഖപ്പെടുത്തിയെന്നായിരുന്നു മൊഴി. ഇത് കളവാണെന്നും ദിലീപിന്‍റെ കൈവശം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഒറിജിനലോ പകർപ്പോ ഉണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

വിചാരണക്കോടതിക്ക് എതിരെയും ഗുരുതരമായ ആക്ഷേപം ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുണ്ട്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ചോർന്നു എന്ന കണ്ടെത്തലിൽ അന്വേഷണം വേണ്ടെന്ന നടപടി ആശ്ചര്യപ്പെടുത്തുന്നതും കേട്ടുകേൾവി ഇല്ലാത്തതുമെന്നാണെന്ന് അന്വേഷണ സംഘത്തിന്‍റെ നിലപാട്.

എട്ടാം പ്രതിയായ ദിലീപിന്‍റെ ഫോണിൽ നിന്ന് മാത്രം ഏതാണ്ട് 200 മണിക്കൂർ നീളുന്ന ഓഡിയോ ക്ലിപ്പുകളും 10,000 ലേറെ വീഡിയോകളും കിട്ടി. പരിശോധിച്ച സുരാജിന്‍റെയും അനൂപിന്‍റെയും ഫോണുകളിൽ നിന്ന് ലഭിച്ചത് സുപ്രധാന വിവരങ്ങൾ. ഈ സാഹചര്യത്തിൽ സൈബർ രേഖകൾ സൂക്ഷ്മമായി പരിശോധിച്ചുള്ള തുടരന്വേഷണത്തിനായി മൂന്ന് മാസം കൂടി സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.