കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം. തലശേരി – തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന KL 58 W 25 29 നമ്പര്‍ ജഗന്നാഥ് ബസിലെ കണ്ടക്ടര്‍ ഇരിങ്ങണ്ണൂര്‍ സ്വദേശി വിഷ്ണുവി (28)നാണ് മര്‍ദ്ദനമേറ്റത്. പെരിങ്ങത്തൂരില്‍ വച്ചായിരുന്നു സംഭവം. ബസില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് പാസില്ലാത്തതിനാല്‍ ഫുള്‍ ചാര്‍ജ് ഈടാക്കിയതിനാണ് കണ്ടക്ടറെ മര്‍ദ്ദിച്ചതെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്.
വിദ്യാര്‍ത്ഥിനിയെ ഇറക്കിവിട്ടെന്നും, തള്ളിയിട്ടെന്നും ആരോപിച്ച് ഭര്‍ത്താവടക്കമുള്ള ബന്ധുക്കള്‍ മര്‍ദ്ദിക്കുന്നതായാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ ഇത്തരത്തില്‍ പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ബസിലെ ദൃശ്യങ്ങളടക്കം കാണിച്ച് സത്യാവസ്ഥ ബന്ധുക്കളെ അറിയിച്ചിരുന്നതായും വിദ്യാര്‍ത്ഥിയില്‍ നിന്നും ഫുള്‍ ചാര്‍ജ് ഈടാക്കുക മാത്രമാണ് ചെയ്തതെന്നും ബസ് ജീവനക്കാര്‍ വ്യക്തമാക്കി.
ബസില്‍ കുട്ടികളടക്കമുള്ള സ്ത്രീയാത്രക്കാര്‍ ഉള്ളപ്പോഴാണ് കണ്ടക്ടറെ ആക്രമിക്കുന്നത്. മര്‍ദ്ദനം കണ്ട് ഇവര്‍ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അക്രമത്തില്‍ പരിക്കേറ്റ വിഷ്ണുവിനെ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചൊക്ലി പൊലീസില്‍ ജീവനക്കാര്‍ പരാതി നല്‍കി.