തെക്കി ബസാറിലെ മേല്‍പ്പാത അശാസ്ത്രീയമെന്ന് ആക്ഷേപം; സര്‍വേ തടഞ്ഞ് ആക്ഷന്‍ കമ്മിറ്റി പ്രവർത്തകർ

Jaihind Webdesk
Monday, November 22, 2021

 

കണ്ണൂർ : തെക്കി ബസാറിൽ മേൽപ്പാത നിർമ്മിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. മേൽപ്പാതയ്ക്കായുള്ള സർവേക്കെതിരെ ജനകീയ ആക്ഷൻ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി. വ്യാപാരികളും ആക്ഷൻ കമ്മിറ്റി പ്രവർത്തകരും സർവേ തടഞ്ഞു. തുടർന്ന് പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി.

കണ്ണൂർ തെക്കി ബസാർ മുതൽ ചേംബർ ഹാൾ വരെയുള്ള മേൽപ്പാത അശാസ്ത്രീയമാണെന്നാരോപിച്ച് സൗത്ത് ബസാർ ഫ്ലൈഓവർ ജനകീയ ആക്ഷൻ കമ്മിറ്റി പ്രവർത്തകരാണ് സർവേക്കെതിരെ രംഗത്ത് വന്നത്. തെക്കി ബസാറിൽ നിന്നാരംഭിച്ച സർവേ ആക്ഷൻ കമ്മിറ്റി പ്രവർത്തകരും വ്യാപാരികളും തടയുകയായിരുന്നു. അശാസ്ത്രീയമായ രീതിയിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് എതിരെയാണ് പ്രതിഷേധമെന്ന് ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജീവൻ എളയാവൂർ പറഞ്ഞു.

സർവേക്ക് സംരക്ഷണവുമായി പൊലീസ് എത്തിയതോടെ ആക്ഷൻ കമ്മിറ്റി പ്രവർത്തകരും പൊലീസും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി. സർവേ തടഞ്ഞവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. വ്യാപാരികൾ മുന്നോട്ട് വെച്ച ബദൽ നിർദേശം ചർച്ച ചെയ്യാൻ പോലും തയാറാകാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് വ്യാപാരികളുടെയും ആക്ഷൻ കമ്മിറ്റി അംഗങ്ങളുടെയും തീരുമാനം.