സിദ്ധരാമയ്യ സർക്കാരിനെതിരായ ആരോപണം: രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് കെ.സി. വേണുഗോപാൽ എംപി

 

എറണാകുളം: സിദ്ധരാമയ്യ സർക്കാരിനെ തകർക്കാനുള്ള ബിജെപിയുടെയും ജെഡിഎസിന്‍റെയും ഗൂഢാലോചനയുടെ ഭാഗമാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കോൺഗ്രസ് ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. കളമശ്ശേരിയിൽ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കോൺഗ്രസ് ആശയങ്ങളിൽ അധിഷ്ഠിതമായിട്ടാണ് സിദ്ധരാമയ്യ സർക്കാർ പ്രവർത്തിക്കുന്നത്. അതിൽ വിറളി പൂണ്ട ചില വിഭാഗങ്ങൾ അദ്ദേഹത്തെ പുറത്താക്കാൻ വേണ്ടി ബിജെപിയിലൂടെ നടപ്പാക്കുന്ന ഗൂഢ നീക്കമാണിതെന്നും ഗവർണറെ അതിൽ കരുവാക്കുകയാണെന്നും എംപി വ്യക്തമാക്കി. ആരെങ്കിലും ഒരു സ്വകാര്യ പരാതി നൽകിയാൽ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി കൊടുക്കുന്നതാണോ ഗവർണർ ചെയ്യേണ്ടതെന്നും  കെ.സി. വേണുഗോപാൽ  എംപി ചോദിച്ചു.

നേതാക്കൾ കൂറുമാറിയാൽ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്ന് വിവിധ തിരഞ്ഞെടുപ്പിലൂടെ ജനം തെളിയിച്ചിട്ടുണ്ടെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ജാർഖണ്ഡിൽ ചംപയ് സോറൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹവ്യമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജമ്മുകാശ്മീർ, ഹരിയാന, ജാർഖണ്ഡ് മഹാരാഷ്ട്ര ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും കോൺഗ്രസും ഇന്ത്യാസഖ്യവും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. കേരളത്തിൽ നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫും കോൺഗ്രസും പൂർണ്ണ സജ്ജമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

 

Comments (0)
Add Comment