കോണ്‍ഗ്രസ്‌ ജന ജാഗ്രതാ ക്യാമ്പെയ്ന്‍ പദയാത്ര ഡിസംബര്‍ 4,5 തീയതികളില്‍; കെസി വേണുഗോപാല്‍ എംപി നേതൃത്വം നല്‍കും

തിരുവനന്തപുരം : വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനുമെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഡിസംബര്‍ 4, 5 തീയതികളില്‍ തിരുവനന്തപുരം ജില്ലയില്‍ ജന ജാഗ്രതാ ക്യാമ്പെയ്ന്‍ പദയാത്ര നടത്തുമെന്ന്‌ ഡിസിസി പ്രസിഡന്‍റ്‌ പാലോട്‌ രവി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നവംബര്‍ 26, 27 തീയതികളില്‍ പദയാത്ര നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയെങ്കിലും പ്രതികൂല കാലാവസ്ഥയും ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്‌ മാറ്റിവെച്ചിരുന്നു. ആ പരിപാടിയാണ്‌ 4,5 തീയതികളില്‍ നടത്തുന്നത്‌.

4-ാം തീയതി 3 മണിക്ക്‌ കല്ലറ ജംഗ്‌ഷനില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ്‌ പദയാത്ര ആരംഭിക്കുന്നത്‌. കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ്‌ വിഡി സതീശനും സമ്മേളനത്തില്‍ പങ്കെടുക്കും. ഉദ്‌ഘാടന സമ്മേളനത്തിന്‌ മുമ്പായി ഉച്ചയ്ക്ക്‌ 2 മണിമുതല്‍ 3വരെ സജികല്ലുവാതുക്കലിന്‍റെയും ശ്രീപാര്‍വ്വതിസജിയുടെയും നേതൃത്വത്തില്‍ ഇടംതലക്കൂട്ടത്തിന്‍റെ തനത്‌ നാടന്‍ പാട്ടുകളും ദൃശ്യവിരുന്നും അവതരിപ്പിക്കും. സേവാദള്‍ വോളണ്ടിയര്‍മാരും വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരും രണ്ടുവരിയായി പദയാത്രയെ അനുധാവനം ചെയ്യും.

കല്ലറ-പാങ്ങോട്‌ രക്തസാക്ഷി മണ്‌ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയശേഷം ആരംഭിക്കുന്ന പദയാത്ര ആദ്യദിവസം ഭരതന്നൂരില്‍ സമാപിക്കും. സമാപന സമ്മേളനത്തോടനുബന്ധിച്ച്‌ ഭരതന്നൂരില്‍ നടക്കുന്ന കലാസന്ധ്യയ്ക്ക്‌ പ്രസിദ്ധ പിന്നണി ഗായകന്‍ പന്തളം ബാലനും സംഘവും നേതൃത്വം നല്‍കും.

രണ്ടാം ദിവസമായ 5 ന്‌ രാവിലെ 7 മണിക്ക്‌ പ്രഭാതഭേരിക്കുശേഷം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി 9 മണിക്ക്‌ ആദിവാസി-ദളിത്‌ സംഗമ വേദിയിലെത്തി അവരുമായി സംവദിക്കും. ജില്ലയിലെ മലയോര പ്രദേശത്തെ 200ല്‍പരം ഗിരിവര്‍ഗ സെറ്റില്‍മെന്‍റുകളില്‍ നിന്നായി 350 പ്രതിനിധികള്‍ ആദിവാസി സംഗമത്തില്‍ പങ്കെടുക്കും. കെപിസിസി ട്രഷറർ പ്രതാപ ചന്ദ്രൻ, മുൻ ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Comments (0)
Add Comment