സ്വയം പ്രഖ്യാപിത കാവല്‍ക്കാരന്റെ കള്ളത്തരങ്ങള്‍ ഒന്നിനു പുറകേ മറ്റൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ വര്‍ഗീയ കാര്‍ഡിറക്കി ബി.ജെ.പി. നോട്ടു നിരോധനത്തിന്റെ മറവില്‍ നടന്ന വന്‍ ഹവാല ഇടപാടുകള്‍ പുറത്തു വന്നതിനു പിന്നാലെ റഫാല്‍ കേസില്‍ ഇന്നലെയുണ്ടായ സുപ്രീം കോടതി വിധിയോടെ കടുത്ത പ്രതിരോധത്തിലായ നരേന്ദ്ര മോദിയെയും ബിജെപിയെയും തെരഞ്ഞെടുപ്പു ഗോദയില്‍ താങ്ങി നിര്‍ത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നടത്തുന്ന അവസാന ശ്രമത്തിന്റെ തെളിവാണ് വയനാട്ടില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമര്‍ശം.
റഫാല്‍ അടക്കമുള്ള വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ സംവാദ വെല്ലുവിളികളില്‍ നിന്ന് ഒളിച്ചോടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ പൊതു സമൂഹത്തില്‍ നിന്നുപോലും ഒളിച്ചു നടക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഈ സാഹചര്യത്തെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന വയനാട് ഇന്ത്യയിലാണോ പാകിസ്താനിലാണോയെന്ന ചോദ്യവുമായി അമിത് ഷാ രംഗത്തെത്തിയത്. കഴിഞ്ഞ ഏപ്രില്‍ നാലിന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ നടത്തിയ റോഡ് ഷോയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പച്ചക്കൊടിയുമായി എത്തിയതിനെ ലക്ഷ്യമിട്ട് ഇന്നലെ നാഗ്പൂരില്‍ നിതിന്‍ ഗഡ്കരിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് ഷായുടെ വര്‍ഗീയ കാര്‍ഡിറക്കിയുള്ള പ്രസംഗം.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാനെത്തിയതോടെ ദക്ഷിണേന്ത്യയിലെ പ്രതീക്ഷ നഷ്ടപ്പെട്ട ബിജെപി വര്‍ഗീയത പറഞ്ഞ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. രാഹുലിന്റെ റാലിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പച്ചക്കൊടിയുമായി അനുഗമിച്ചതിനെതിരേ യോഗി ആദിത്യനാഥ് നേരത്തേ രംഗത്തെത്തിയിരുന്നു.
റഫേല്‍ വിമാന ഇടപാടിലുണ്ടായ അഴിമതിക്കെതിരേ രാഹുല്‍ ഗാന്ധി നടത്തിയ കുരിശു യുദ്ധത്തെ കള്ളത്തരത്തിന്റെ കോട്ടകെട്ടി ചെറുത്തുപോന്ന ബിജെപിക്ക് ഇന്നലെയുണ്ടായ സുപ്രീം കോടതി വിധി കനത്ത തിരിച്ചടിയായി മാറി. ഇടപാടുമായി ബന്ധപ്പെട്ട് പരാതിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണന്നും അതിനാല്‍ അവ പരിശോധിക്കരുതെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തള്ളിയ സുപ്രിം കോടതി പുന:പരിശോധനാ ഹര്‍ജിക്കൊപ്പം പുറത്തുവന്ന രേഖകളും പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സുപ്രിംകോടതി വിധിക്കെതിരേ അഭിഭാഷകരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍, മനോഹര്‍ ലാല്‍ ശര്‍മ്മ, സഞ്ജയ് സിങ് എന്നിവരാണ് പുന:പരിശോധന ഹര്‍ജി നല്‍കിയത്.
ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. ഇതിനെതിരേ നല്‍കിയ ഹര്‍ജി കേള്‍ക്കവെയാണ് പുതിയ രേഖകള്‍ ഹര്‍ജിക്കാര്‍ കോടതിക്കു കൈമാറിയത്. എന്നാല്‍ ഇവ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളാണെന്നും പരിശോധിക്കരുതെന്നുമാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചത്. മാത്രമല്ല, സവിശേഷ പ്രാധാന്യമുള്ള രേഖകള്‍ പ്രസിദ്ധീകരിച്ച ദി ഹിന്ദു ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു. വെളിപ്പെടുത്തല്‍ വിവാദമായതോടെ പ്രതിരോധമന്ത്രാലയത്തില്‍ നിന്നു ചോര്‍ത്തിയ രേഖകളുടെ പകര്‍പ്പുകളാണ് ഹര്‍ജിക്കാര്‍ ഹാജരാക്കിയതെന്നു പറഞ്ഞ് എജി കോടതിയില്‍ മലക്കം മറിഞ്ഞിരുന്നു.
പുതിയ സാഹചര്യത്തില്‍ ഹിന്ദു പ്രസിദ്ധീകരിച്ച മൂന്ന് പ്രധാനപ്പെട്ട രേഖകള്‍ കോടതി തെളിവായി പരിഗണിക്കും. റഫേല്‍ ഇടപാടിനെപ്പറ്റി കള്ളത്തരം പറഞ്ഞ് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച മോദിക്കും ബിജെപിക്കും ഇതുണ്ടാക്കുന്ന തലവേദന ചെറുതായിരിക്കില്ല.
‘പി.എം നരേന്ദ്ര മോദി’ എന്ന സിനിമ റിലീസ് ചെയ്യുന്നത് ഇന്നലെ തെരഞ്ഞെടുപ്പു കമ്മീഷന്‍ തടഞ്ഞതും ബിജെപിക്കും സംഘ പരിവാറിനും തിരിച്ചടിയായി. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് നായകനാകുന്ന സിനിമ ഇന്നു മുതല്‍ തിയറ്ററുകളിലെത്തിക്കാനാണ് തീരുമാനിച്ചിരുന്നത്. തെരഞ്ഞെടുപ്പിനു മുമ്പ് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനു വേണ്ടിയാണ് ചിത്രമെന്ന് വ്യക്തമാക്കി പ്രതിപക്ഷം തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയുരുന്നു.
ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അമന്‍ പന്‍വറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രസിഡന്റ് സതീഷ് ഗെയ്ക്‌വാദും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാന്‍ ആവശ്യപ്പെട്ട് ഹര്‍ജി തള്ളിയപ്പോള്‍ സന്തോഷിച്ച ബിജെപിയും സംഘപരിവാറും തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം വന്നപ്പോള്‍ മൗനത്തിലായി.
ഇതിനിടെ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടന്ന തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെയും ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ സൈനികരുടെയും പേരില്‍ കന്നിവോട്ടര്‍മാരോടു വോട്ടഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെട്ടിലായി. പുല്‍വാമയിലെ ധീര രക്തസാക്ഷികള്‍ക്കും ബാലാകോട്ടില്‍ പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കിയ വൈമാനികര്‍ക്കും നിങ്ങളുടെ കന്നി വോട്ട് രേഖപ്പെടുത്താന്‍ തയാറുണ്ടോയെന്നായിരുന്നു പ്രസംഗത്തിനിടെ മോദിയുടെ ചോദ്യം. സെനികരുടെ പേരില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്തരുതെന്ന തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവ് ലംഘിച്ച മോദിയുടെ പ്രസംഗത്തിനെതിരെ കമ്മീഷന്‍ വിശദീകരണം തേടിയിരിക്കുകയാണ്. നേരത്തെ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പു റാലികളില്‍ സൈനികരെ ‘മോദി സേന’ എന്നു വിശേഷിപ്പിച്ചതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചിരുന്നു.
ഇതിനെല്ലാം പുറമേയാണ് രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രികയ്ക്ക് ലഭിച്ച വന്‍ സ്വീകാര്യതയും അതിന് ദേശീയ മാധ്യമങ്ങളടക്കം നല്‍കിയ പ്രാധാന്യവും ബിജെപി നേതൃത്വത്തെ ഞെട്ടിച്ചത്.
വ്യക്തതയും പുതുമയുമില്ലാതെ തൊട്ടു പിന്നാലെ ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക കാര്യമായ ചര്‍ച്ചകളോ, ചലനങ്ങളോ ഉണ്ടാക്കിയതുമില്ല. ഇത്തരത്തില്‍ എല്ലാം പ്രതികൂലമായി മാറുന്ന സാഹചര്യത്തില്‍ തങ്ങളുടെ തുറുപ്പു ചീട്ടായ വര്‍ഗീയ കാര്‍ഡ് പുറത്തിറക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന തിരിച്ചറിവിലാണിപ്പോള്‍ ബിജെപി നേതൃത്വം.