നിരീക്ഷണത്തില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ആയിരുന്ന ആറ് പേര്‍ക്കും നിപ ഇല്ല

Jaihind Webdesk
Thursday, June 6, 2019

Nipah-test

നിപ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തിൽ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപാ ബാധയില്ലെന്ന് ഉറപ്പായി. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തില്‍ ഇവര്‍ക്ക് നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിലവിൽ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ വിദ്യാര്‍ഥിയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.

വിദ്യാര്‍ത്ഥിയോട് അടുത്തിടപെട്ട രണ്ട് പേരും രണ്ട് നഴ്സുമാരും അടക്കം ആറ് പേരാണ് ഐസൊലേഷൻ വാര്‍ഡിൽ ഉള്ളത്. ഇവരുടെ സാമ്പിളുകൾ ഇന്നലെ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.

ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. രോഗ വ്യാപനം തടയാനും പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങൾക്കും ആണ് പ്രാധാന്യം. ഇത് കൃത്യമായി നിര്‍വഹിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എറണാകുളത്ത് അവലോകന യോഗം ചേരും.

ആശങ്ക വേണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയം ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർദ്ധനും പ്രതികരിച്ചു.