മദ്യനിര്‍മാണം: പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭ

Jaihind News Bureau
Sunday, March 23, 2025

മദ്യനിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭ രംഗത്ത്. തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയുമെന്നാണ് സര്‍ക്കുലറിലെ പ്രധാന വിമര്‍ശനം. വിമര്‍ശനങ്ങള്‍ ഉന്നയിച്ചികൊണ്ടുള്ള സര്‍ക്കുലര്‍ ഞായറാഴ്ച രാവിലെ എല്ലാ ഇടവകകളിലും വായിച്ചു.

നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ അണിയറ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പറയുന്നു. പ്രായപൂര്‍ത്തിയാകാത്തവരുടെ ഗുണ്ടാസംഘങ്ങള്‍ ലഹരിയില്‍ അക്രമം നടത്തുമ്പോള്‍ അധികാരികളുടെ കണ്ണ് അടഞ്ഞുതന്നെയാണെന്നാണ് വിമര്‍ശനം. മദ്യ-ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് പളളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിച്ചത്. ഇതരസംസ്ഥാനത്തുനിന്ന് കേരളത്തില്‍ തൊഴിലിന് എത്തുന്നവരെ സമ്പൂര്‍ണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് മദ്യവിരുദ്ധ സമിതി സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. ലഹരിക്കെതിരായ സര്‍ക്കാര്‍ പദ്ധതികള്‍ പലതും ഫലം കാണുന്നില്ലെന്നും സ്‌കൂള്‍, കോളജ് തലങ്ങളിലും മതബോധന ക്ലാസിലും ലഹരിവിരുദ്ധത പഠിപ്പിക്കണം എന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്. ഐടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുളള നീക്കങ്ങളെയും സഭ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ലഹരിയെ ഫലപ്രദമായി നേരിടുന്നതിനും തരണം ചെയ്യാനുളള മാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് മദ്യവിരുദ്ധ ഞായറായി ഇന്ന് ആചരിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അറിയിച്ചു.