ദിവസം 23 ആയിട്ടും കിട്ടിയില്ല; എകെജി സെന്‍ററിന് പടക്കമെറിഞ്ഞ കേസ് ഇനി ക്രൈം ബ്രാഞ്ചിന്

തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ പടക്കമെറിഞ്ഞ കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ഡിജിപി ആണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ ഉത്തരവിട്ടത്. 23 ദിവസം കഴിഞ്ഞിട്ടും ലോക്കല്‍ പോലീസിന് പ്രതിയെ പിടിക്കാൻ കഴിയാതെ ഇരുട്ടില്‍ തപ്പുന്ന സാഹചര്യത്തിലാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്. അന്വേഷണം മതിയാക്കുന്ന ഘട്ടത്തിലേക്ക് പോലീസ് എത്തിയപ്പോഴാണ് ക്രൈം ബ്രാഞ്ചിന് കൈമാറാനുള്ള ഉത്തരവ് ഡിജിപി പുറപ്പെടുവിച്ചത്. കഴിഞ്ഞ ജൂൺ 30 ന് രാത്രി 11.30 ഓടെയായിരുന്നു എകെജി സെന്‍ററിന് നേരെ പടക്കമേറുണ്ടായത്. തൊട്ടുപിന്നാലെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും പി.കെ ശ്രീമതിയും രംഗത്തെത്തി.

എകെജി സെന്‍ററിന് നേരെ പടക്കമേറ് നടന്ന് 23 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടിക്കാൻ കഴിയാതെ വന്നത് പോലീസിനും ആഭ്യന്തരവകുപ്പിനും നാണക്കേടുണ്ടാക്കി. പടക്കമേറ് സിപിഎമ്മിന്‍റെ തന്നെ തിരക്കഥയാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നതും സിപിഎമ്മിനും സർക്കാരിനും തലവേദന സൃഷ്ടിച്ചു. ചുറ്റും സി.സി ടിവി നിരീക്ഷണമുള്ള, പോരാത്തതിന് പോലീസ് കാവലുള്ള അതീവ സുരക്ഷാ പ്രദേശത്തുണ്ടായ സംഭവത്തിലെ ദുരൂഹതകള്‍ അനാവരണം ചെയ്യാന്‍ പോലീസിന് കഴിഞ്ഞില്ല.

മിനിറ്റ് വെച്ച് പ്രതിയെ പിടികൂടാനുള്ള സംവിധാനം ഉണ്ടെന്നിരിക്കെയും ദുരൂഹത നിറഞ്ഞ ഈ സംഭവത്തില്‍ പോലീസിന് അതിന് കഴിയാതിരുന്നത് എന്തെന്ന ചോദ്യമാണ് ഉയരുന്നത്.  ഉടന്‍ പ്രതിയെ പിടിക്കുമെന്ന് പറഞ്ഞ പോലീസിന് പിന്നീട് അദൃശ്യഭിത്തിയില്‍ തട്ടിയതുപോലെ നില്‍ക്കേണ്ടിവന്നു.  ഭരണപക്ഷ പാർട്ടിയുടെ ഓഫീസിന് നേരെ ആക്രമണം നടന്നിട്ടും പോലീസ് പ്രതികളെ പിടിക്കാത്തതിൽ സിപിഎമ്മിനുള്ളിലും ഒരുവിഭാഗം പേര്‍ അതൃപ്തരായിരുന്നു. അതേസമയം സ്വർണ്ണക്കള്ളക്കടത്ത് കേസില്‍ നിന്ന് വഴിതിരിച്ചുവിടാന്‍ കെട്ടിച്ചമച്ച നാടകമാണ് എകെജി സെന്‍റർ ആക്രമണം എന്ന ആരോപണവും ശക്തമാണ്. ഇതിനിടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് ഡിജിപി ഉത്തരവ്.

 

 

Comments (0)
Add Comment