കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ. ജയപ്രകാശ്, ജിജോ തില്ലങ്കേരി എന്നിവരാണ് പിടിയിലായത്. ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും കോടതിയിൽ കീഴടങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനിടയിലാണ് ജയപ്രകാശ്, ജിജോ എന്നിവർ പിടിയിലാകുന്നത്. മുഴക്കുന്ന് പോലീസാണ് ഇവരെ പിടികൂടിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പരാതിയിലാണ് കേസ്. ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് പരാതി. സിപിഎം നേതൃത്വത്തിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരായ കേസ് എന്നതാണ് ശ്രദ്ധേയം. ആകാശ് തില്ലങ്കേരി ഫേസ്ബുക്കിലൂടെ സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിയാക്കിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതോടെ ആകാശ് തില്ലങ്കേരിയെ തള്ളി സിപിഎം നേതൃത്വം രംഗത്തെത്തിയെങ്കിലും തുറന്നുപറച്ചില്‍ പൊതുസമൂഹത്തിന് മുന്നില്‍ സിപിഎമ്മിന്‍റെ മുഖം കൂടുതല്‍ വികൃതമാക്കി.
പാർട്ടിക്ക് വേണ്ടിയാണ് തങ്ങള്‍ നിരവധി കൊലപാതകങ്ങള്‍ നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഫേസ്ബുക്കിലൂടെയുള്ള ആകാശ് തില്ലങ്കേരിയുടെ തുറന്നുപറച്ചില്‍. ‘ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലി, നടപ്പിലാക്കിയവർക്ക് പടിയടച്ച് പിണ്ഡം വെപ്പും പട്ടിണിയും’ എന്നായിരുന്നും ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്‍റ്. ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റായിട്ടായിരുന്നു തില്ലങ്കേരിയുടെ മറുപടി.
സമൂഹമാധ്യമങ്ങളിൽ സംഭവം ചർച്ച ആയതോടെ ഫേസ്ബുക്ക് പോസ്റ്റ് സരീഷ് ഡിലീറ്റ് ചെയ്തു. ഞങ്ങള്‍ വാ തുറന്നാല്‍ പലരും കുടുങ്ങുമെന്നും ഇയാള്‍ തുറന്നടിച്ചതോടെ സിപിഎം കടുത്ത പ്രതിരോധത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരെ പോലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്താനും പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. ആകാശ് തില്ലങ്കരിക്ക് എതിരായ കേസ് അന്വേഷിക്കാൻ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു.