ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി ; ഇരയ്‌ക്കൊപ്പമോ വേട്ടക്കാർക്കൊപ്പമോ എന്ന് പ്രതിപക്ഷം; വാക്കൗട്ട്

Jaihind Webdesk
Thursday, July 22, 2021

തിരുവനന്തപുരം : പീഡനപരാതി ഒതുക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടതില്‍ മന്ത്രിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശശീന്ദ്രന്‍ ഇടപെട്ടത് പാര്‍ട്ടിക്കാരുടെ പ്രശ്നം അന്വേഷിക്കാനാണെന്ന് മുഖ്യമന്ത്രി സഭയില്‍ ന്യായീകരിച്ചു. വിഷയത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

യുവതിയെ അപമാനിച്ചെന്ന പരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എ.കെ ശശീന്ദ്രന്‍റെ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് എംഎൽഎ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുഖ്യമന്ത്രിയെ കൂടെയുള്ളവർ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു. എ.കെ ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനടപടികൾ ഇല്ലാതാക്കാനാണ് മന്ത്രി വിളിച്ചത്. മുഖ്യമന്ത്രി മന്ത്രിയുടെ രാജി എഴുതി വാങ്ങിക്കണമെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു.

എന്നാൽ ഇക്കാര്യം സഭാ നടപടികൾ നിർത്തിവച്ചു ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അറിയിച്ചു. യുവതിയുടെ പരാതിയിൽ കേസെടുക്കാൻ വൈകിയോ എന്ന് അന്വേഷിക്കുമെന്നും പാർട്ടിക്കാർ തമ്മിലുള്ള വിഷയത്തിലാണ് മന്ത്രി ഇടപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസെടുക്കാൻ കാലതാമസമുണ്ടായെന്ന പരാതി ഡിജിപി അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

മന്ത്രി എ.കെ ശശീന്ദ്രനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. അപമാനിക്കപ്പെട്ടു എന്നു കാണിച്ച് യുവതി നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമിച്ച എ.കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും മന്ത്രി രാജിവച്ചില്ലെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം എന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചു. മുഖ്യമന്ത്രി ഇരയ്ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രി സഭയിലിരിക്കുന്നത് തലകുനിച്ചാണെന്നും എന്തിന് വേണ്ടിയാണ് മുഖ്യമന്ത്രി ശശീന്ദ്രനെ ന്യായീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.