‘ശമ്പളം വെട്ടിക്കുറച്ചതിനെ സ്വാഗതം ചെയ്യുന്നു; എം.പി ഫണ്ട് നിര്‍ത്തലാക്കുന്നതിനോട് വിയോജിക്കുന്നു’: എ.കെ ആന്‍റണി

Jaihind News Bureau
Monday, April 6, 2020

ന്യൂഡല്‍ഹി: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറച്ച നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി എം.പി. അതേസമയം എം.പി ഫണ്ട് നിര്‍ത്തലാക്കുന്നതിനെ എതിര്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ എല്ലാവരും മുണ്ടു മുറുക്കി ഉടുത്താല്‍ മാത്രമെ അതിജീവിക്കാന്‍ കഴിയൂ. ശമ്പളം 30 ശതമാനം വെട്ടിക്കുറച്ചത് എന്‍റെ കുടുംബ ബജറ്റിന്റേയും താളം തെറ്റിക്കും. അതുമൂലം വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ എം.പി ഫണ്ട് അടുത്ത രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തലാക്കാനുള്ള തീരുമാനത്തോട് യോജിക്കാന്‍ കഴിയില്ല. ആലപ്പുഴ ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് പ്രതിരോധത്തിന് അടിസ്ഥാന സൗകര്യമൊരുക്കാന്‍ 2.18 ലക്ഷം കോടി അനുവദിച്ചിരുന്നു. അത് ടെന്‍ഡറര്‍ നടപടികളിലേക്ക് പോകുകയാണ്.

പല എം.പിമാരും ഇത്തരത്തില്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ എം.പി ഫണ്ട് നിര്‍ത്തലാക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും. അതുകൊണ്ടുതന്നെ ഫണ്ട് നിര്‍ത്തലാക്കുന്നതിനെ അനുകൂലിക്കാന്‍ കഴിയില്ല. നിര്‍ത്തലാക്കുന്നതിന് പകരം എം.പി ഫണ്ട് പൂര്‍ണമായും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കൂവെന്ന് നിബന്ധന വെക്കുന്നതായിരിക്കും നല്ലതെന്നും എ.കെ ആന്‍റണി ചൂണ്ടിക്കാട്ടി.