‘ഒറ്റക്കെട്ടായി മുന്നോട്ട്, രാജ്യത്ത് ഭരണമാറ്റം ഉണ്ടാക്കുക ലക്ഷ്യം’; ഖാർഗെയ്ക്ക് അഭിനന്ദനം അറിയിച്ച് എ.കെ ആന്‍റണി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുന്‍ ഖാർഗെയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ ആന്‍റണി. തികച്ചും ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കൂടുതൽ ശക്തി പകരും. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തമ്മിൽ അടിച്ചു തകർച്ചയിലേക്ക് പോകുമെന്ന് വിചാരിച്ച എല്ലാവരുടെയും മനസ് തകർന്നെന്നും അവർക്ക് നിരാശയാണ് ഉണ്ടായതെന്നും എ.കെ ആന്‍റണി പറഞ്ഞു.

കോൺഗ്രസ്‌ പ്രസിഡന്‍റ് ആയി ഖാർഗെ തെരഞ്ഞെടുക്കപ്പെട്ട ഉടനെ ശശി തരൂർ അദ്ദേഹത്തെ പോയി കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു. നിലവിലെ പ്രസിഡന്‍റ് സോണിയാ ഗാന്ധിയും അദ്ദേഹത്തിന്‍റെ വസതിയിലെത്തി അഭിനന്ദനം അറിയിച്ചു. നെഹ്‌റു കുടുംബം കോൺഗ്രസിന്‍റെ ശക്തി സ്രോതസാണ്. കോൺഗ്രസിന് വേണ്ടി മുന്നിൽ നിന്ന് പോരാടുന്നത് നെഹ്‌റു കുടുംബമാണ്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണമാറ്റം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. കോൺഗ്രസിന്‍റെ  ലക്ഷ്യം നേടി എടുക്കാനുള്ള പോരാട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും എ.കെ ആന്‍റണി പറഞ്ഞു.

Comments (0)
Add Comment