ഷുക്കൂര്‍ വധക്കേസ്: CBI കുറ്റപത്രം തലശേരി കോടതി ഇന്ന് പരിഗണിക്കും

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ നല്‍കിയ കുറ്റപത്രം തലശേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിശോധിക്കും. കേസിന്‍റെ വിചാരണ എറണാകുളം സി.ജെ.എമ്മിലേക്ക് മാറ്റണമെന്ന് സി.ബി.ഐ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. പി ജയരാജനും ടി.വി രാജേഷും അടക്കമുളള ആറ് പ്രതികള്‍ കോടതിയില്‍ ഇന്ന് വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കും.

ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനക്കുറ്റവും ചുമത്തി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രമാണ് തലശേരി ജില്ലാ കോടതി പരിഗണിക്കുന്നത്. കുറ്റപത്രത്തിന്‍റെ  പകര്‍പ്പ് കഴിഞ്ഞ ദിവസം പ്രതികള്‍ക്ക് നല്‍കിയിരുന്നു. കേസിന്‍റെ വിചാരണ എറണാകുളം സി.ജെ.എമ്മിലേക്ക് മാറ്റണമെന്ന ആവശ്യം സി.ബി.ഐ പ്രോസിക്യൂട്ടര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കാനാണ് സാധ്യത.

ഇതിനിടെ പി.ജയരാജനും ടി.വി രാജേഷും അടക്കം ഇരുപത്തിയെട്ട് മുതല്‍ മുപ്പത്തിമൂന്ന് വരെ പ്രതികള്‍ ഇന്ന് കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കും. കുറ്റപത്രത്തില്‍ സി.ബി.ഐ ഉന്നയിച്ച കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണന്നും കൊലക്കുറ്റവും ഗൂഢാലോചനയുമടക്കമുളളവയ്ക്ക് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിടുതല്‍ഹര്‍ജി സമര്‍പ്പിക്കുക. ഹര്‍ജിയില്‍ സി.ബി.ഐയുടെ നിലപാടറിയാനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് സാധ്യത. കേസിലെ മുഴുവന്‍ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായേക്കും.

p jayarajanAriyil Shukkoor Casetv rajesh mla
Comments (0)
Add Comment